
ദില്ലി:ഉപരാഷ്ട്രതി തെരഞ്ഞെടുപ്പിലെ കൂറുമാറ്റത്തില്‍ പ്രതിപക്ഷ പാർട്ടികളിൽ കടുത്ത അതൃപ്തി .പ്രതിപക്ഷത്ത് ഒരുമയില്ലെന്ന് സിപിഎം വിലയിരുത്തി. ചിലർ വോട്ടുകൾ മനപൂർവ്വം അസാധുവാക്കിയെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. വോട്ടു ചോർച്ച നിരാശാജനകമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. വോട്ടെണ്ണലിന് തൊട്ടു മുൻപ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു, എന്നാൽ ബി. സുദർശൻ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകൾ മാത്രം. ഇത് കോൺഗ്രസ് ക്യാമ്പിലടക്കം വലിയ ഞെട്ടലായി. സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും അസാധാരണ ഐക്യം ദൃശ്യമായിട്ടും ഇത് വോട്ടാകാത്തതിനെ വളരെ ഗൗരവത്തോടെയാണ് നേതൃത്ത്വം കാണുന്നത്. ചില ചെറിയ പാർട്ടികളെ കേന്ദ്രസർക്കാർ സ്വാധീനിച്ചുവെന്നും, ചില എംപിമാർ ബാലറ്റ് മനപ്പൂർവം അസാധുവാക്കിയെന്നും നേതാക്കൾ സംശയിക്കുന്നു. ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും ചിലർ കൂറു മാറി വോട്ട് ചെയ്തെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകി.
എഎപി എംപി സ്വാതി മലിവാർ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോൺഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തതായി നേതാക്കൾ വിലയിരുത്തുന്നു. മുതിർന്ന നേതാവ് ജയറാം രമേശിനായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രധാന ഏകോപന ചുമതല. കൂറുമാറി വോട്ട് ചെയ്തതിൽ അന്വേഷണം വേണമെന്ന് മനീഷ് തിവാരി എംപി പരസ്യമായി ആവശ്യപ്പെട്ടത് കോൺഗ്രസിനകത്തുള്ള തർക്കത്തിൻറെ കൂടി സൂചനയായി .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam