മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കോൺഗ്രസ് ഭവന പദ്ധതി നടപ്പിലാക്കുന്നു. നൂറ് വീടുകൾ നിർമ്മിക്കാനായി മൂന്നിടങ്ങളിലായി സ്ഥലം കണ്ടെത്തിയി 있으며, മേപ്പാടിയിലെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഉടൻ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീട് പണിയാൻ മൂന്നിടങ്ങളിൽ ആയാണ് സ്ഥലം. ഇതിൽ മേപ്പാടി പഞ്ചായത്തിൽ കണ്ടെത്തിയ മൂന്നേകാൽ ഏക്കർ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ ഈ മാസം 13 ന് നടക്കുമെന്ന് വയനാട് ഡിസിസി പ്രസിഡൻ്റ് ടിജെ ഐസക് വ്യക്തമാക്കി. ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടഭൂമി ആണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷം വലിയ തോതിൽ വിമർശനം ഉന്നയിച്ചതോടെയാണ് ഭവന പദ്ധതിയിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് വേഗത്തിൽ നിർമ്മാണം തുടങ്ങാനുള്ള നീക്കം. നേരത്തെ 30 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെപിസിസിക്ക് കൈമാറി. കോൺഗ്രസും യൂത്ത് കോൺഗ്രസും സ്വന്തം നിലയ്ക്കും 130 വീടുകളായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ മാറിയ സാഹചര്യത്തിൽ ലക്ഷ്യമിട്ട തുക സമാഹരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ കെപിസിസി നിർമിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോൺഗ്രസും തുക കൈമാറുകയായിരുന്നു. ഇതോടെ ആകെ നൂറ് വീടുകളാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് നിർമിക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം. എന്നാൽ മേപ്പാടിയിൽ കണ്ടെത്തിയ മൂന്നേക്കർ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ മാത്രമാണ് ഈ മാസം നടക്കുക. ഇവിടെ എത്ര വീടുകൾ നിർമിക്കുമെന്ന് വ്യക്തമല്ല. മറ്റ് രണ്ട് സ്ഥലങ്ങൾ ഏതൊക്കെയെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.


