ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; ടെക്നോപാര്‍ക്ക് ജീവനക്കാരന് പണം നഷ്ടമായി

By Web TeamFirst Published Aug 3, 2018, 10:26 AM IST
Highlights

മൂന്ന് ദിവസം മുമ്പ് കഴക്കൂട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍നിന്ന് ക്രെ‍ഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ശ്രീനാഥ് സാധനങ്ങള്‍ വാങ്ങിയിരുന്നു

തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള തട്ടിപ്പില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് 97000 രൂപ നഷ്ടമായി. ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സീനിയര്‍ അസിസ്റ്റന്‍റ് ശ്രീനാഥാണ് പണം നഷ്ടമായതായി പരാതി നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയാണ് ഇയാള്‍. 

മൂന്ന് ദിവസം മുമ്പ് കഴക്കൂട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍നിന്ന് ക്രെ‍ഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ശ്രീനാഥ് സാധനങ്ങള്‍ വാങ്ങിയിരുന്നു. അതിന് ശേഷമാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. രണ്ട് തവണയായാണ് പണം നഷ്ടമായത്. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം ലഭിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞതെന്ന് ശ്രീനാഥ് പറയുന്നു. കഴക്കൂട്ടം പൊലീസിലാണ് ഇയാള്‍ പരാതി നല്‍കിയത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് സൈബര്‍ വിഭാഗത്തിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടത്തെ രണ്ട് എടിഎമ്മുകള്‍ വഴിയാണ് പണം തട്ടിയെടുത്തതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തട്ടിപ്പുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 


 

click me!