
ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകൽ യുവതിയെ നടുറോഡിൽ അപമാനിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഓച്ചിറ സ്വദേശി നിധിൻ, കായംകുളം മുതുകളം സ്വദേശി വിശാഖ് എന്നിവരെ ഇന്ന് പുലർച്ചെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ നിധിൻ കടന്നുപിടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ കായംകുളം ഒ.എൻ.കെ ജംക്ഷന് സമീപത്തു വെച്ചായിരുന്നു സംഭവം. കായംകുളം സ്വദേശിനിയായ യുവതിയെ ബൈക്കിയെത്തിയ രണ്ടംഗസംഘം അപമാനിക്കുകയായിരുന്നു. പൊതുനിരത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ നിധിൻ കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. മുൻപരിചയം പോലുമില്ലാത്ത പെൺകുട്ടിയെ ഇവർ രണ്ട് ദിവസമായി പിൻതുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് നമ്പർ സഹിതം യുവതി കായംകുളം പൊലീസിൽ പരാതി നൽകി. യുവതി നൽകിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിധിന്റെ അമ്മാവന്റൈ ബൈക്കാണിതെന്ന് വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കിൽ സഞ്ചരിച്ചവരെ കുറിച്ച് വ്യക്തത ലഭിച്ചത്. ഇന്നലെ രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൈ ഒടിഞ്ഞ വിശാഖിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam