വ്യാജ വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

By Web DeskFirst Published Dec 21, 2017, 9:00 AM IST
Highlights

തിരുവനന്തപുരം∙ വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം  റജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നൽകി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കി.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത്  നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യഹർജി കോടതിയുടെ ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. കേന്ദ്ര, സംസ്ഥാന മോട്ടോർ വാഹനച്ചട്ടങ്ങൾ ഹർജിക്കാരൻ ലംഘിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ്  കേസ്. 

അതേസമയം, നടൻ ഫഹദ്  ഫാസില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. അതേസമയം അമല പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജനുവരി അഞ്ചിലേക്ക്‌ മാറ്റി. 

പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും നടന്‍ ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അമലാ പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

click me!