കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

By Web TeamFirst Published Feb 23, 2019, 6:09 PM IST
Highlights

 അടുത്ത ആഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഭവസ്ഥലത്ത് എത്തുന്നുണ്ട്. 

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്ന് കാസര്‍കോടെത്തിയ അന്വേഷണം സംഘം കേസ് ഡയറിയും ഫയലുകളും പരിശോധിച്ചു. അടുത്ത ആഴ്ച ഡിജിപി സംഭവ സ്ഥലത്തെത്തുന്നുണ്ട്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പ്രതികളടക്കം സോഷ്യൽ മീഡിയയിൽ വധ ഭീഷണി ഉയർത്തിയതിന്റെ തെളിവുകൾ ഇതിനിടെ പുറത്തുവന്നു. 

ഇന്ന് പുലർച്ചെയോടെ കാസർകോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രദീപും മറ്റ് അംഗങ്ങളുമാണ് കേസ് രേഖകളും ഫയലുകളും പരിശോധിച്ചത്. ഉച്ചയോടെ അന്വേഷണം നേരത്തെ രൂപീകരിച്ച പ്രത്യേക സംഘം ക്രൈം ബ്രാഞ്ചിന് കൈമാറി. മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ചമുതൽ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാനാണ് നീക്കം. അടുത്ത ആഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റയും സംഭവസ്ഥലത്ത് എത്തുന്നുണ്ട്. 

അതിനിടെ കൃപേഷിനെതിരെ സിപിഎമ്മുകാര്‍ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നു. കല്ല്യോട്ട് സ്കൂളിൽ നേരത്തെ എസ്.എഫ്.ഐ നടത്തിയ പണപിരിവ് കൃപേഷ് എതിർത്തിരുന്നു. ഇതേതുടർന്ന് കേസിലെ അഞ്ചാം പ്രതി അശ്വിന്‍റെ സഹോദരൻ കൃപേഷിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അവൻ ചാവാൻ റെഡിയായി ഇവിടെ എല്ലാവരും സെറ്റാണ് എന്നായിരുന്നു ഫോട്ടോയ്ക്കുള്ള അശ്വിന്‍റെ കമന്റ്. 

പെരിയയിലെ സഖാക്കൾ എന്ന ഫേസ് ബുക്ക് പേജിൽ ഇവൻ കല്ലിയോട്ടെ നേർച്ചക്കോഴി എന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ശരത് ലാലിനു നേരെയും ഭീഷണി ഉണ്ടായിരുന്നു. എല്ലാ തെളിവുകളും വച്ച് പൊലീസിലും സൈബർ സെല്ലിലും പരാതിയും നൽകി. പക്ഷെ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.  ക്രൈംബ്രാഞ്ചിന്‍റെ തുടര്‍അന്വേഷണത്തില്‍ ഈ തെളിവുകളെല്ലാം വീണ്ടും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. 

click me!