
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ അച്ചടക്ക നടപടി പുനപരിശോധിക്കാനുള്ള എഡിജിപിതല തീരുമാനം സംസ്ഥാന സമിതി പൊളിച്ചടുക്കി. സിവിൽ പൊലീസ് മുതൽ സിഐ വരെയുളളവരുടെ അച്ചടക്ക നടപടി ഇനി മുതൽ ജില്ലാതല സമിതികള്‍ പരിശോധിച്ചാൽ മതിയെന്ന് ഡിജിപി ഉത്തരവിറക്കി.
പൊലീസ് അതിക്രമങ്ങൾ വ്യാപിക്കുമ്പോഴാണ് കേസിലെ പ്രതികളായ പൊലീസുകാർക്ക് സഹായകരമായ തീരുമാനം വരുന്നത്. പൊലീസിലെ ക്രിമിനൽ വൽക്കരണം കൃത്യമായി നിരീക്ഷിച്ച് നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു നാലു എഡിജിപിമാർ അംഗങ്ങളായി സംസ്ഥാനതല സമിതി ഉണ്ടാക്കിയത്. പൊലീസിലെ ക്രിമിനലുകൾ സ്വാധീനം കൊണ്ട് രക്ഷപ്പെടാതിരിക്കാൻമുൻ ഡിജിപി ജേക്കബ് പൂന്നൂസാണ് സമിതി ഉണ്ടാക്കിയത്. ക്രിമിനൽകേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ അന്വേഷണ പുരോഗതി പരിശോധിച്ച് സസ്പൻനും അച്ചടക്ക നടപകളും പിൻവലിക്കണമോ വേണ്ടയോ എന്നതിൽ തീരുമാനം സമിതിയാണ് എടുത്തിരുന്നത്.
ഈ സമിതിയിലാണിപ്പോൾ വെള്ളം ചേർത്തത്. സിവിൽ പൊലീസുകാർ മുതൽ സിഐവരെ ക്രിമിനൽ കേസിൽ പ്രതികളായായവരുടെ അച്ചടക്ക നടപടി പുനപരിശോധിക്കാനുളള അധികാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സമിതിക്ക് നൽകി. സിഐവരെയുള്ള 826 പൊലീസുകാരാണ് ക്രമിനൽ കേസിൽ പ്രതികളായിട്ടുള്ളത്. അതായത് ഏറ്റവും കൂടുതൽ സൂക്ഷപരിശോധനവേണ്ടിടത്താണ് നടപടിക്രമങ്ങൾ ഉദാരമാക്കിയത്. ജില്ലാ തല സമിതികളിൽ സ്വാധീനം ചെലുത്തി ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാർ വീണ്ടും എളുപ്പത്തിൽ സർവ്വീസിൽ തിരിച്ചെത്താനിടയുണ്ടെന്നാണ് ആക്ഷേപം. ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടിമാത്രം എഡിജിപിതല സമിതി പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam