
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയ്ക്കും ബ്രസീലിന്റെ നെയ്മര്‍ക്കുമൊപ്പം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2003ല്‍ പതിനെട്ടാമത്തെ വയസില്‍ അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് പോര്‍ച്ചുഗല്‍ ടീമിന്റെ കുന്തമുനയാണ്. ഇരുപത്തിയൊന്നാമത് ലോകകപ്പ് കളിക്കാന്‍ റഷ്യയിലെത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ നിറം മങ്ങിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു റോണോ.
ഈ ലോകകപ്പില്‍ എതിര്‍ ടീമുകള്‍ ഏറ്റവുമധികം ഭയക്കുന്ന സ്ട്രൈക്കര്‍മാരിലൊരാളാണ് റൊണാള്‍ഡോ. അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷയത്രയും.
ശക്തി
എതിര്‍ പ്രതിരോധനിരയെ വിദഗ്ദ്ധമായി കബളിപ്പിക്കാനുള്ള കഴിവ്. വേഗതയും പന്തടക്കവും എടുത്തുപറയാവുന്ന സവിശേഷതയാണ്. കിടയറ്റ ഫിനിഷിംഗാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അപകടകാരിയാക്കുന്ന മറ്റൊരു പ്രത്യേകത. ഫ്രീ കിക്കുകള്‍ ഗോളാക്കുന്നതിലെ അപാരമായശേഷിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എതിരാളികള്‍ ഭയക്കുന്ന താരമാക്കുന്നു.
ദൗര്‍ബല്യം
ചില സമയത്ത് മൈതാനത്ത് അലസമായി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണാനാകും. അശ്രദ്ധമായി കളിക്കുന്നതിലൂടെ പാസുകള്‍ നഷ്ടമാക്കുകയും നല്‍കുന്ന പാസുകള്‍ക്ക് കൃത്യതയില്ലാതെയും വരും. ദേശീയ ടീമിന് കളിക്കുമ്പോള്‍ ക്ലബിന് കളിക്കുന്ന മികവ് കാണാനാകുന്നില്ല. എതിര്‍ പ്രതിരോധനിരയുടെ കൂട്ടായ ടാക്ലിംഗില്‍ വീണുപോകുന്നതും റൊണാള്‍ഡോയുടെ പോരായ്മയാണ്.
അവര്‍ പറഞ്ഞത്
ക്രിസ്റ്റ്യാനോയെ പുകഴ്ത്തുന്നതില്‍ കാര്യമില്ല. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് അയാള്‍. മെസിയേക്കാള്‍ എന്തുകൊണ്ടും മിടുക്കനാണ് ക്രിസ്റ്റ്യാനോ. പെനാല്‍റ്റി ബോക്സിനുള്ളില്‍ ഇത്രയേറെ അപകടകാരിയായ മറ്റൊരു കളിക്കാരന്‍ സമകാലീന ഫുട്ബോളില്‍ ഇല്ല. - സര്‍ അലക്സ് ഫെര്‍ഗൂസണ്‍ 2009ല്‍ പറഞ്ഞത്.
ട്രിവിയ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിന് പിന്നില്‍ ഒരു കഥയുണ്ട്. പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടനായിരുന്നു റൊണാള്‍ഡ് റീഗന്‍. അതുകൊണ്ടാണ് മകന്റെ ക്രിസ്റ്റ്യാനോ എന്ന പേരിനൊപ്പം റൊണാള്‍ഡോ എന്ന് കൂടി നല്‍കാന്‍ അദ്ദേഹം തയ്യാറായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam