
ദില്ലി: വിജയ് മല്ല്യക്കെതിരായ ലുക്കൗട്ട് നോട്ടീസിൽ സിബിഐ പ്രതിക്കൂട്ടിൽ. അറസ്റ്റു ചെയ്യേണ്ടെന്ന് മുംബൈ പോലീസിനോട് സിബിഐ ആവശ്യപ്പെട്ടതിന് രേഖകൾ പുറത്തായി. ദില്ലിയിൽ തടയരുതെന്ന് ഇമിഗ്രേഷനോടും സിബിഐ നിർദേശിച്ചതായാണ് റിപ്പോര്‍ട്ട്. വിജയ് മല്ല്യക്കെതിരായ ആദ്യ ലുക്കൗട്ട് നോട്ടീസ് സിബിഐ മനപൂർവ്വം ദുർബലപ്പെടുത്തിയതെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വന്ന തെളിവുകള്‍.
മല്ല്യയെ തടഞ്ഞു വയ്ക്കേണ്ടതില്ല എന്ന് സിബിഐ രേഖാമൂലം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടതായുള്ള രേഖകൾ പുറത്ത് വന്നു. സിബിഐ ഇടപെടൽ കാരണം മല്ല്യയെ ഇമിഗ്രേഷൻ അറസ്റ്റു ചെയ്യാതെ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. 9000 കോടി രൂപ ബാങ്കുകളിൽ തിരിച്ചടയ്ക്കാതെ മുങ്ങാൻ വിജയ് മല്ല്യയെ സഹായിച്ചത് വിമാനത്താവളത്തിലെ ലുക്കൗട്ട് നോട്ടീസിൽ സിബിഐ വരുത്തിയ മാറ്റമാണ്. മല്ല്യയെ അറസ്റ്റു ചെയ്യണം എന്ന നോട്ടീസ് തടയേണ്ട അറിയിച്ചാൽ മതി എന്നാക്കിയാണ് മാറ്റിയത്. ഇത് പിഴവായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം.
പിന്നീട് ആ ഘട്ടത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലായിരുന്നു എന്ന ഔദ്യോഗിക പ്രതികരണം നല്കി. എന്നാൽ 2015 നവംബർ 24ന് മുംബൈ പോലീസിന് നല്കിയ കത്തിൽ മല്ല്യയെ അറസ്റ്റു ചെയ്യേണ്ടതില്ലെന്ന് സിബിഐ ആവശ്യപ്പെട്ടുവെന്നാണ് രേഖകൾ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. വിദേശയാത്ര കഴിഞ്ഞ് മല്ല്യ 2015 നവംബർ 23ന് ദില്ലിയിൽ തിരിച്ചെത്തും എന്ന വിവരം ഇമിഗ്രേഷൻ സിബിഐക്ക് കൈമാറിയപ്പോഴായിരുന്നു ഈ ഉപദേശം. തുടർന്ന് മല്ല്യയെ വിമാനത്താവളത്തിൽ തടഞ്ഞില്ല ലുക്കൗട്ട് നോട്ടീസിലെ പഴുത് ഉപയോഗിച്ച് നാലു മാസത്തിനു ശേഷം 2016 മാർച്ച് രണ്ടിന് മല്ല്യ ലണ്ടനിലേക്ക് കടന്നു.
നരേന്ദ്രമോദിയുടെ വിശ്വസ്തരായ സിബിഐ ഉദ്യോഗസ്ഥരാണ് മല്ല്യയെ രക്ഷിച്ചതെന്ന ആരോപണം കോൺഗ്രസ് ആവർത്തിക്കുകയാണ്. മല്ല്യ രക്ഷപ്പെടുന്നത് തടണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ സിബിഐക്ക് നല്‍കിയ നിയമോപദേശം അവഗണിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. മല്ല്യ കടന്ന സംഭത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam