
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിനെതിരെയും ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലൂടെയാണ് പാര്‍വ്വതി വിമര്‍ശനവുമായി എത്തിയത്.
അതിരൂക്ഷമായ ഭാഷയില്‍ സര്‍ക്കാര്‍ പരിപാടിയേയും ശബരിമല യുവതീപ്രവേശനത്തെയും എതിര്‍ത്തതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍വ്വതിക്കെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഒരു ജാഥയ്ക്ക് ആളെക്കൂട്ടണമെങ്കില്‍ ഓരോ ബിരിയാണിപ്പൊതി വീതം വിതരണം ചെയ്താല്‍ മതിയെന്നും അത്രമാത്രമേ വനിതാമതിലിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂവെന്നും പാര്‍വ്വതി വീഡിയോയിലൂടെ പറഞ്ഞു. വീട്ടില്‍ ചോദിക്കാന്‍ ആണുങ്ങളില്ലാത്ത സ്ത്രീകളാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതെന്നും ഇവര്‍ പറഞ്ഞു.
ഈ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ നിരവധി പേര്‍ എത്തിയത്. വീഡിയോ ഷെയര്‍ ചെയ്തും ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പാര്‍വ്വതി പറഞ്ഞത്...
'കുറച്ച് നാളുകളായിട്ട് ഒരു വിഷയത്തെപ്പറ്റി സംസാരിക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ നമ്മളേതൊരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോഴും അതിന്റെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊണ്ടുവേണം നമ്മളൊരു അഭിപ്രായം പറയാന്‍. അതുകൊണ്ടാണ് ഞാനിത്രയും സമയമെടുത്തത്.
ഫേസ്ബുക്കിലും പത്രങ്ങളിലും, നമുക്ക് ചുറ്റുമുള്ളവരെല്ലാം സംസാരിക്കുന്നത് വനിതാമതിലിനെ കുറിച്ചാണ്. ഫേസ്ബുക്കില്‍ ഘോരഘോരമായി ഓരോരുത്തര്‍ പ്രസംഗിച്ചിട്ടുണ്ട്. വനിതാമതില്‍ വലിയ സംഭവമാണ്, റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു എന്നൊക്കെ. ഞാനൊരു കാര്യം പറയട്ടെ, ഒരു ജാഥയ്ക്ക് കുറച്ച് ആള്‍ക്കാരെ കൂട്ടണമെങ്കില്‍ ഒരു ബിരിയാണിപ്പൊതി വിതരണം ചെയ്താല്‍ മതി. ആള്‍ക്കാരെ ധാരാളം കിട്ടും. അങ്ങനെയേ ഞാനീ വനിതാമതില്‍ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
നമുക്ക് സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്, ഇതിലും വലിയ നീചമായ കാര്യങ്ങള്‍ നടക്കുന്നുണ്ട് നമുക്ക് ചുറ്റും. സ്ത്രീകള്‍, കുഞ്ഞുകുട്ടികള്‍, എന്തിന് 70 വയസ്സായ സ്ത്രീകള്‍ വരെ പീഡിപ്പിക്കപ്പെടുന്നുണ്ട്. സൗമ്യ വധക്കേസ്, അതില് ഗോവിന്ദച്ചാമിയെ വെറുതെ വിട്ടു. ഇതിലൊന്നും ഒരു സ്ത്രീ സംഘടനയും ഇത്ര ശക്തമായി പൊരുതുന്നത് ഞാന്‍ കണ്ടിട്ടില്ല.
ഒരു കാര്യം മനസ്സിലാക്കണം. ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. അതിപ്പോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെങ്കിലും ബിജെപി പാര്‍ട്ടിയാണെങ്കിലും കോണ്‍ഗ്രസാണെങ്കിലും ആര്‍എസ്എസ്സാണെങ്കിലും എല്ലാ പാര്‍ട്ടികളും എന്താണ് ചെയ്യുന്നത്? അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അയ്യപ്പന് വേണ്ടി സംസാരിക്കുന്ന ആരെങ്കിലും ഉണ്ടോ?
എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആചാരം, അനുഷ്ഠാനം. ആ ആചാരം അങ്ങനെ തന്നെ നടന്നുപോകട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താണ് കുഴപ്പം? അവിടെയും അവര്‍ക്ക് അവകാശം നേടിയെടുത്താലേ പറ്റൂ. ഇപ്പോ, ഈ പെണ്ണുങ്ങള് കാണിക്കുന്ന കുന്തളിപ്പുണ്ടല്ലോ അത് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തത് കൊണ്ട് കാണിക്കുന്ന കുന്തളിപ്പാണ്.
നിങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ചെന്ന് നോക്ക്, ഒരു കട്ടില്‍ നേരെ ചൊവ്വേ ഇല്ല. ഞാന്‍ കണ്ടിട്ടുണ്ട് പ്രസവ വേദന അനുഭവിക്കുന്ന സത്രീ നിലത്ത് പായിട്ട് അവര്‍ വേദന അനുഭവിച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത്. അതിനൊന്നും വാദിക്കാന്‍ ഒറ്റ ഫെമിനിച്ചിയേയും ഞാന്‍ കണ്ടിട്ടില്ല. ചെറിയ, ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി നമുക്ക് നമ്മുടെ അവകാശങ്ങള്‍ സ്ഥാപിക്കണം. വലുതായിട്ടൊന്നും ചെയ്ത് നേടിക്കൊടുക്കാനില്ല.
ശബരിമലയില്‍ കയറിയിട്ട് വേണമല്ലോ ഇവളുമാര്‍ക്ക് എന്തോ വലിയത് സ്ഥാപിക്കാന്‍. ഒരു കാര്യം മനസ്സിലായി, തല വഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമാരെല്ലാം അമ്പലത്തില്‍ കയറി അയ്യപ്പനെ ദര്‍ശിക്കാനിരിക്കുന്നത്. 41 ദിവസം വ്രതവുമെടുത്ത് കഷ്ടപ്പെട്ട്, അയ്യപ്പനെ മനസ്സുരുകി പ്രാര്‍ത്ഥിച്ച് അയ്യപ്പനോടുള്ള യഥാര്‍ത്ഥ ഭക്തിയുള്ള കുറച്ച് പേരുണ്ട്. അവരെ കുറിച്ചൊന്ന് ആലോചിക്കാ, അവരുടെ മനസ്സിനെ കളങ്കപ്പെടുത്താതിരിക്കാ.
സ്‌നേഹം എന്നുപറയുന്നതാണ് ദൈവം. അതെല്ലാവരുടെയും മനസ്സിലുണ്ടാകണം. മനുഷ്യന്‍ മനുഷ്യനെ കണ്ടാല്‍ തിരിച്ചറിയണം. ഒരു മനുഷ്യനെ മനസ്സ് കൊണ്ട് വേദനിപ്പിക്കുന്നതല്ല, യഥാര്‍ത്ഥ സ്‌നേഹമാണ് വലുത്. അതാണ് നമുക്ക് വേണ്ടത്. അത് പെണ്ണുങ്ങളൊന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍...'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam