ട്രെയിനില്‍ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം

By Web DeskFirst Published May 11, 2016, 5:19 PM IST
Highlights

ഞയറാഴ്ച ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് 40കാരിയായ അജിത നാട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ചിട്ട് മൂവരും കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം ഭര്‍ത്താവ് മുരളി അറിഞ്ഞത്. അടുത്ത ബോഗിയിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജിതയുടെ ബാഗോ ഫോണോ മറ്റ് വസ്തുക്കളോ നഷ്‌ടമായിട്ടില്ല. ശരീരത്തില്‍ മൂന്നര പവന്റെ സ്വര്‍ണ്ണാഭരണങ്ങളുണ്ടായിരുന്നു. മംഗലാപുരത്തിന് അടുത്തെവിടെയോ വെച്ചാകാം അജിതയെ കാണാതായതെന്നായിരുന്നു പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തിയതായുള്ള വിവരം പൊലീസ്, കുടുംബത്തെ അറിയിച്ചത്.

റെയില്‍വേ ട്രാക്കില്‍ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലായിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാവാമെന്ന പ്രാഥമിക വിവരവും റെയില്‍വെ അധികൃതര്‍ നല്‍കുന്നുണ്ട്. കുടുംബക്കാര്‍ ഇപ്പോള്‍ ഉഡുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്. മുംബൈ താനെക്കടുത്ത് ബാദല്‍പൂര്‍ ഈസ്റ്റിലാണ് ഈ കുടുംബം താമസിക്കുന്നത്. അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയതായിരുന്നു. ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഉഡുപ്പിയില്‍ പുരോഗമിക്കുകയാണ്. ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ പെട്ടെന്ന് കണ്ടെത്താനാവാത്ത സ്ഥിതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹം കണ്ട ഒരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തില്‍ നിന്ന് വസ്‌ത്രം മാറിയ നിലയിലായിരുന്നെന്നും ശാരീരിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് സംശയമുണ്ടെന്നു പൊലീസ് അറിയിച്ചതായും അജിതയുടെ അമ്മാവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

click me!