ഉന്നാവോ ബലാത്സംഗ കേസിലെ സാക്ഷിയുടെ മരണം; ദൂരൂഹമെന്ന് ആരോപണം

By Web TeamFirst Published Aug 23, 2018, 10:10 AM IST
Highlights

കഴിഞ്ഞ ശനിയാഴ്ച ബോധരഹിതനായ യൂനൂസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതായി നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പ്രാദേശിക പൊലീസിനെയും വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്തെന്നും ഇവര്‍ കുറ്റപ്പെടുത്തി.

കാന്‍പൂര്‍: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. കേസ് അന്വേഷിക്കുന്ന സിബിഐ മുഖ്യ സാക്ഷിയാക്കിയ യൂനൂസ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്.

ഇതിന് ശേഷം ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചതാണ് വിവാദമായിരിക്കുന്നത് കേസിലെ മുഖ്യ പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗര്‍ ഇരയായ പെൺകുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനൂസ്.

പെണ്‍കുട്ടിയുടെ അച്ഛന്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുകയും ചെയ്തു. കാൻപൂരിലെ ഒരു  പലചരക്ക് വ്യാപരിയാണ് യൂനൂസ്. കഴിഞ്ഞ ശനിയാഴ്ച ബോധരഹിതനായ യൂനൂസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതായി നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പ്രാദേശിക പൊലീസിനെയും വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്തെന്നും ഇവര്‍ കുറ്റപ്പെടുത്തി.

അതേസമയം യൂനുസിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന വാദമാണ് പൊലീസിനുള്ളത്. ഉന്നാവോയില്‍ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് സെംഗാര്‍ ബലാത്സംഗം ചെയതെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എംഎൽഎയേയേും കൂട്ട് പ്രതികളെയും രക്ഷിക്കാന്‍ യുപി പൊലീസ് ശ്രമിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എംഎല്‍എയുടെ ബന്ധുവും അടുത്ത സഹായിയുമായ ശഷി സിങ്ങ് എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണ്‍ നാലിന് കുല്‍ദീപ് സിങ്ങ് സെങ്ങാറിന്‍റെ വീട്ടിലെത്തിച്ചത്.

മുറിക്ക് പുറത്ത് ശഷി സിങ്ങിനെ കാവല്‍ നിര്‍ത്തി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഭയം കാരണം ഒന്നും പുറത്ത്പറയാതെ വീട്ടില്‍ തന്നെ കഴിഞ്ഞ പെണ്‍കുട്ടിയെ ആറ് ദിവസത്തിന് ശേഷം എംഎല്‍എയുടെ മൂന്ന് അനുയായികള്‍ വീണ്ടും തട്ടികൊണ്ടുപോയി.

പിന്നീട് എട്ട് ദിവസം തുടര്‍ച്ചയായി എസ്‍യുവി വാഹനത്തില്‍ മൂന്ന് പേർ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഒടുവിൽ പൊലീസില്‍ പരാതി നല്‍കിയിട്ടും ഉന്നാവോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താനോ വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനോ യുപി പൊലീസ് തയാറായില്ലെന്നും സിബിഐ കോടതിയിൽ നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യ സാക്ഷി ദുരഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെ സംഭവം വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. 

click me!