അമ്മയുടെ മുന്നിലിട്ട് കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസ്; പിതൃസഹോദരന് വധശിക്ഷ

By Web TeamFirst Published Feb 15, 2019, 11:04 PM IST
Highlights

വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകായിരുന്നു. ആത്മഹത്യാശ്രമക്കേസിൽ റാന്നി കോടതിയിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞതും സെഷൻസ് കോടതിയിലെ കേസിൽ നിർണായകമായി

റാന്നി: പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ അമ്മയുടെ മുന്നിലിട്ട് രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയ്ക്കാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.  2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വത്ത് തർക്കത്തെ തുടർന്നാണ് സഹോദരന്റെ മക്കളായ എഴു വയസ്സുകാരൻ മെൽബിൻ മൂന്ന് വയസ്സുള്ള മെബിൻ എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാം ക്ലാസുകാരൻ മെൽബിനെ ആണ് ആദ്യം ആക്രമിച്ചത് തടയാൻ ശ്രമിച്ച അമ്മ ബിന്ദുവിന്‍റെ കണ്ണിൽ മുകള് പൊടി വിതറിയായിരുന്നു കുട്ടിയുടെ കഴുത്ത് അറുത്തത്.

പീന്നീട് വീടിനകത്തുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥി മെബിനെയും കൊലപ്പെടുത്തി. അതിന് ശേഷം കൈയിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീവച്ചു. വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകായിരുന്നു.

ആത്മഹത്യാശ്രമക്കേസിൽ റാന്നി കോടതിയിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞതും സെഷൻസ് കോടതിയിലെ കേസിൽ നിർണായകമായി. 2017 ൽ വിചാരണ ആരംഭിച്ച കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. അപൂർവ്വങ്ങളിൽ അപൂ‍ർവമായ കേസാണെന്ന വാദം അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തിയുണ്ടെന്ന് കുട്ടികളുടെ പിതാവ് മാത്യു ചാക്കോ പറഞ്ഞു. 
 

click me!