
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. പത്തടിയിലേറെ ഉയര്‍ന്ന് പൊങ്ങി തിരമാലകള്‍ എത്തിയതോടെ ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. രക്ഷപെടാനാവാതെ കുടുങ്ങിപ്പോയ നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ദുരന്തബാധിത പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലേക്കും ഇനിയും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ എവിടെയൊക്കെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് ധാരണയില്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുനാമിക്ക് കാരണമായ ഭൂകമ്പമുണ്ടായത്. പാലു നഗരത്തില്‍ തന്നെ 500ല്‍ അധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് സൂചന. പാലുവിന് സമീപത്തുള്ള ഡോംഗലയിലെ ഭൂരിഭാഗവും മല്‍സ്യത്തൊഴിലാളികളാണ് കഴിയുന്നത് ഇവിടേയ്ക്കും സുനാമിത്തിരകള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചകള്‍.
ആശുപത്രികളില്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഭൂകമ്പമുണ്ടായതിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 80 കിലോമീറ്ററിലധികം ദൂരത്തേയ്ക്കാണ് വന്‍ തിരമാലകള്‍ വീശിയടിച്ചത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരു്നനു എന്നാല്‍ ഈ മുന്നറിയിപ്പ് അരമണിക്കൂറിനകം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. സുനാമിയെ തുടര്‍ന്ന് പാലുവിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പാലു നഗരത്തിലെ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാറുകളും നിരവധി ആളുകളും ആഞ്ഞടിച്ച തിരകളില്‍ ഒഴുകി പോവുന്ന ദൃശ്യങ്ങള്‍ ഇതനോടകം പുറത്ത് വന്നിട്ടുണ്ട്.
കെട്ടിടങ്ങളുടെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ തകര്‍ന്നടിഞ്ഞതാണ് ഇന്തോനേഷ്യ നിലവില്‍ നേരുടുന്ന പ്രധാന വെല്ലുവിളി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദ്ഗധര്‍ വിശദമാക്കുന്നത്. 2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam