
ആലപ്പുഴ: വെള്ളപ്പൊക്കം ദുരിതം വിതച്ച കുട്ടനാട് സന്ദര്‍ശിക്കാതെ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി അവലോകന യോഗം നടത്തി തിരിച്ചുപോയി. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാനും പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഉയര്‍ത്തി നിര്‍മ്മിക്കാനും യോഗം തീരുമാനമെടുത്തു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ആയിരം കോടിയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജി സുധാകരന്‍ പറഞ്ഞു.
രാവിലെ 9.50 ന് തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അവലോകന യോഗം തുടങ്ങി. മാധ്യമങ്ങളെ പുറത്താക്കി രണ്ടുമണിക്കൂറായിരുന്നു യോഗം. കുട്ടനാട് പാക്കേജ് അതേപടി നടപ്പിലാക്കാനുള്ള നിര്‍ണ്ണായകമായ തീരുമാനം യോഗത്തിലുണ്ടായി. ഭാവിയില്‍ വെള്ളപ്പൊക്ക ദുരന്തം കുറക്കാനുള്ള സമീപനങ്ങളും യോഗത്തിലെടുത്തു. റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. അഞ്ഞൂറുകോടിരൂപയുടെ റോഡുകളാണ് കുട്ടനാട്ടില്‍ തകര്‍ന്നത്. ഇതടക്കം ആയിരം കോടിരൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മടവീണ പാടശേഖരങ്ങള്‍ ഉടന്‍ മടകെട്ടി ജലനിരപ്പ് കുറക്കാനുള്ള സംവിധാനം എത്രയും പെട്ടെന്ന നടപ്പാക്കാനും തീരുമാനമെടുത്തു.
അതേസമയം, യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് ശരീരത്തില്‍ തട്ടിയതിനാലാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങിയത്. കുട്ടനാട്ടിലെ മഴ ദുരിന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആലപ്പുഴ, കോട്ടയം കലക്ടർമാരും ചീഫ് സെക്രട്ടറിയുമടക്കം നാനൂറിലേറെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്നും യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ജി.സുധാകരൻ പ്രതികരിച്ചു. പ്രളയ ദുരിതത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മന്ത്രി ഈ ചന്ദ്രശേഖരനും മാത്യു ടി തോമസും പ്രതികരിച്ചു.
പ്രളയബാധിത പ്രദേശം സന്ദർശിക്കാതെ അവലോകനം നടത്തുന്നതില്‍ എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 30 വര്‍ഷത്തിനിടെ സംഭവിച്ച് ഏറ്റവും വലിയ പ്രളയമായിരുന്നു കോട്ടയം ആലപ്പുഴ ജില്ലകളിലുണ്ടായത്. ഏക്കറ് കണക്കിന് കൃഷി നശിക്കുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam