
തിരുവനന്തപുരം: സംസ്ഥാനത്ത് 33,000 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. ഡിസംബര്‍15 മുതല്‍ പട്ടയ വിതരണം ആരംഭിക്കും. ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് പട്ടയം ലഭിക്കുക. അതേസമയം പ്രളയത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിലായി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 33000 പട്ടയ അപേക്ഷകളിലാണ് റവന്യൂ വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇടുക്കി ജില്ലയില്‍ 9000പേര്‍ക്ക് പട്ടയം ലഭിക്കും. തൃശൂര്‍ ജില്ലയില്‍ 6000 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 4000പേര്‍ക്കും വയനാട്ടില്‍ 1500 പേര്‍ക്കുമാണ് പട്ടയം അനുവദിക്കുക. കാസര്‍കോട് ജില്ലയില്‍ 3500 പേര്‍ക്ക് പട്ടയം അനുവദിക്കുന്നതോടെ പട്ടയത്തിനായുളള അപേക്ഷകള്‍ പെന്‍ഡിംഗ് ഇല്ലാത്ത ജില്ലയായി കാസര്‍കോട് മാറും. ഡിസംബര്‍ ഒന്നു മുതല്‍ പട്ടയമേളകള്‍ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് പട്ടയ വിതരണം ഡിസംബര്‍ 15 മുതലാക്കാന്‍ തീരുമാനിച്ചത്.
ഭൂമിയുടെ പോക്കുവരവിലുളള കാലതാമസം പരിഹരിക്കാനും നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും റവന്യൂ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടമായവര്‍ക്ക് പുതിയ ഭൂമി വാങ്ങി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എങ്ങുമായിട്ടില്ല.
പ്രകൃതി ദുരന്ത സാധ്യതയുളള പ്രദേശങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ ഇതുവരെ പൂര്‍ത്തിയാവാത്തതാണ് പ്രശ്‌നം. സര്‍വേ പൂര്‍ത്തിയായാല്‍ മാത്രമെ എത്ര പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന കണക്കും വ്യക്തമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam