
ദില്ലി: സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് മുന്‍ നിശ്ചയിച്ച സംദീത പരിപാടി മുടങ്ങിയപ്പോള്‍ ടി.എം. കൃഷ്ണയ്ക്ക് പാടാന്‍ വേദിയൊരുക്കി ദില്ലിയിലെ അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാര്‍. ആം ആദ്മി സര്‍ക്കാര്‍ 'ആവാം കി ആവാസ്' എന്ന് പേരിട്ട സംഗീതനിശയിൽ സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി ടി.എം. കൃഷ്ണ സ്വയം മറന്ന് പാടി.
എല്ലാ ജാതിയും എല്ലാ മതവും എല്ലാ സംസ്കാരവും ഉൾക്കൊണ്ട് ടി.എം.കൃഷ്ണ പാടിയപ്പോള്‍ വെറുപ്പിന്‍റെ രാഷ്ട്രീയാഹ്വാനത്തെ വകവയ്ക്കാതെ കൃഷ്ണയുടെ സംഗീതം കേൾക്കാൻ ദില്ലിയൊഴുകിയെത്തി. ടി.എം. കൃഷ്ണ 'നഗരമാവോയിസ്റ്റാ'ണന്നും ദേശവിരുദ്ധനാണെന്നും ആരോപിച്ച് സംഘപരിവാർ അനുകൂലികൾ നടത്തിയ പ്രചരണത്തെ തുടർന്നാണ് സംഘാടകരായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൃഷ്ണയുടെ സംഗീതപരിപാടി റദ്ദാക്കിയത്.
ഈ മാസം 17, 18 തിയതികളില്‍ ദില്ലിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടിയാണ് റദ്ദാക്കിയത്. ഒരു സാംസ്കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റിയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍. പരിപാടിയുടെ ക്ഷണക്കത്തുകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത ശേഷമാണ് പരിപാടി റദ്ദാക്കുന്നത്.
മതേതര നിലപാടുകൾ സ്വീകരിക്കുകയും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടി.എം.കൃഷ്ണയ്ക്ക് നേരെ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടി.എം.കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു.
ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും കർണാട്ടിക്-ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ പാടുമെന്ന ടി.എം.കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. എന്നാല്‍, സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് പരിപാടി റദ്ദാക്കിയ ശേഷം ടി.എം.കൃഷ്ണ പ്രതികരിച്ചത്.
അരവിന്ദ് കെജ്‍രിവാളും സീതാറാം യച്ചൂരിയും അടക്കമുള്ള പ്രമുഖര്‍ സംഗീത പരിപാടി കാണാന്‍ എത്തിയിരുന്നു. വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam