അനുകൂലമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; ഛത്തീസ്ഗഡില്‍ പ്രചാരണം ഇന്ന് അവസാനിക്കും

By Web TeamFirst Published Nov 18, 2018, 6:46 AM IST
Highlights

ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളെല്ലാം അവസാന ദിവസങ്ങളിലും ഛത്തീസ്ഡില്‍ പ്രചാരണത്തിനുണ്ട്

റായ്പൂര്‍: ഛത്തിസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം ഇന്ന് അവസാനിക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

തുടര്‍ച്ചയായി മൂന്ന് വട്ടം ഛത്തിസ്ഗഡ് ഭരിച്ച ബിജെപിയുടെ രമണ്‍ സിംഗിനെ ഇത്തവണ അധികാരക്കസേരയില്‍നിന്നിറക്കി വിടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളെല്ലാം അവസാന ദിവസങ്ങളിലും ഛത്തീസ്ഡില്‍ പ്രചാരണത്തിനുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെയോ കോണ്‍ഗ്രസിനെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കില്ലെന്ന് അജിത് ജോഗിക്കൊപ്പം ചേര്‍ന്ന് സംഖ്യമുണ്ടാക്കി മല്‍സരിക്കുന്ന ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ മല്‍സരിച്ച 18 മണ്ഡലങ്ങളിലായിരുന്നു അദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടത്ത പോരാട്ടമാണ് ഛത്തീസ്ഗ‍ഡില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്. ബിജെപി വോട്ട് ഷെയര്‍ -41.6 ശതമാനം, കോണ്‍ഗ്രസ് വോട്ട് ഷെയര്‍ -42.2 ശതമാനം എന്നിങ്ങനെയാണ് സര്‍വേ ഫലം.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ 36.2 ശതമാനം ഇപ്പോഴും ബിജെപിയുടെ രമണ്‍ സിംഗിനെ പിന്തുണയ്ക്കുന്നു എന്നും സി വോട്ടര്‍ വ്യക്തമാക്കുന്നു. നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 41 സീറ്റുകളും ബിജെപി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം സര്‍വ്വേ നടത്തിയത്. 

click me!