ബാബാ രാംദേവിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്; 'മോശം' പരാമര്‍ശം നീക്കണമെന്ന് പ്രസാധകനോട് കോടതി

By Web TeamFirst Published Sep 30, 2018, 2:30 PM IST
Highlights

'ഗോഡ്മാന്‍ ടു ടൈക്കൂണ്‍; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ്' എന്ന പുസ്തകത്തിനാണ് ദില്ലി ഹൈക്കോടതി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാബ രാംദേവിനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുവോളം വിലക്ക് തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്

ദില്ലി: യോഗ ഗുരു ബാബാ രാംദേവിനെ കുറിച്ചുള്ള പുസ്തകത്തിന് ദില്ലി ഹൈക്കോടതിയുടെ വിലക്ക്. പുസ്തകത്തിന്റെ അച്ചടിയും വില്‍പനയും തടഞ്ഞുവച്ചതായി കോടതി അറിയിച്ചു. തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് ബാബാ രംദേവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. 

'ഗോഡ്മാന്‍ ടു ടൈക്കൂണ്‍; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ്' എന്ന പുസ്തകത്തിനാണ് ദില്ലി ഹൈക്കോടതി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാബ രാംദേവിനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുവോളം വിലക്ക് തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിച്ചു, എന്നാല്‍ അത് മറ്റൊരാളെ മോശമാക്കി ചിത്രീകരിക്കുന്നതാകരുതെന്നായിരുന്നു ജസ്റ്റിസ് അനു മല്‍ഹോത്രയുടെ വിധി. 

സ്വാമി ശങ്കര്‍ ദേവിന്റെ തിരോധാനവുമായും സ്വാമി യോഗാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും പുസ്തകത്തില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലും ബാബ രാംദേവിനെതിരെ കൃത്യമായ തെളിവുകളൊന്നും നിരത്താനാകാത്ത പക്ഷം ഇവ നീക്കം ചെയ്യണമെന്നാണ് കോടതി അറിയിച്ചത്.

അതേസമയം, സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ബാബ രാംദേവിന്റെ 'പതഞ്ജലി'യുടെ യഥാര്‍ത്ഥ അവസ്ഥയുമാണ് പുസ്തകം പറയുന്നതെന്നും പ്രസാധകന്‍ കോടതിയെ അറിയിച്ചു. 

2017 ആഗസ്റ്റിലാണ് പുസ്തകത്തിന് മേല്‍ ആദ്യം വിലക്ക് വന്നത്. തുടര്‍ന്ന് വിചാരണക്കോടതി ഈ വിലക്ക് നീക്കിയിരുന്നു. ഇതിനെതിരെ ബാബ രാംദേവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വീണ്ടും വിലക്കേര്‍പ്പെടുത്താന്‍ വിധി വന്നിരിക്കുന്നത്.
 

click me!