മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; തത്സമയ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍!

By Web TeamFirst Published Aug 29, 2018, 3:52 PM IST
Highlights

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്‍റെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്‍റെ തത്സമയ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം. വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്. ഇലക്ട്രോണിക്ക്, യുപിഐ/ക്യു ആര്‍/വിപിഎ, ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദവിവരങ്ങളുമുണ്ട്. ആഗസ്റ്റ് 14 മുതല്‍ 29 വരെ 722.28 കോടി രൂപ  ദുരിതാശ്വാസനിധിയുടെ ഭാഗമായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ മിനുട്ടിലും എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ അപ്ഡേഷനും നടക്കുന്നുണ്ട്.

മഹാപ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ സൈറ്റിന് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വന്‍പ്രചാരമാണ്. തികച്ചും സുതാര്യമായിത്തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം എന്ന് ഉറപ്പാക്കുകയാണ് ഈ വെബ്സൈറ്റ്. 

ഓഗസ്റ്റ് 9നാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.  എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്‍റെ ഒഴുക്കും വര്‍ദ്ധിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുകയായിരുന്നു.

ഈ കണക്കുകള്‍ നിങ്ങള്‍ക്കും പരിശോധിക്കാം, ഇവിടെ ക്ലിക്ക് ചെയ്യുക

click me!