സാവകാശ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടില്ല

By Web TeamFirst Published Nov 20, 2018, 10:12 AM IST
Highlights

അസാധാരണ സുരക്ഷയൊരുക്കിയിട്ടും ശബരിമലയിൽ യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്ന സാഹചര്യമാണ്. തെമ്മാടിത്തവും അധിക്രമങ്ങളും മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടി നൽകിയ അപേക്ഷയിൽ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.
 

ദില്ലി: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടില്ല. സാവകാശ അപേക്ഷയിൽ സുപ്രീംകോടതിയുടെ വിധി വന്ന ശേഷം തുടര്‍ നടപടികൾ ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും യുവതികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ ഇന്നലെ ദേവസ്വം ബോര്‍ഡ് നൽകിയത്. അപേക്ഷയിൽ സുപ്രീംകോടതി വേഗം തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകര്‍ അറിയിച്ചത്. സാധാരണ രീതിയിൽ കേസ് പരിഗണന പട്ടികയിൽ വരുന്നതുവരെ കാത്തിരിക്കും. 

സുപ്രീംകോടതി വിധി നടപ്പാക്കാൻ സാവകാശം തേടുമ്പോഴും ഇക്കാര്യത്തിൽ വലിയ തിടുക്കം കാട്ടേണ്ടതില്ല എന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് ഇതിലൂടെ വ്യക്തമാണ്. ശബരിമല ഹര്‍ജികൾ ജനുവരി 22ന് മുമ്പ്  പരിഗണിക്കില്ലെന്ന് മറ്റൊരു കേസിൽ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. കേസിൽ അടിയന്തിര പ്രാധാന്യമില്ലെങ്കിൽ ദേവസ്വം ബോര്‍ഡിന്‍റെ കേസും ജനുവരി 22ലേക്ക് മാറാനാണ് സാധ്യത. ശബരിമല വിധിയുമായി ബന്ധപ്പെട്ട കേസുകൾ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മാത്രമെ പരിഗണിക്കാനാകു എന്നതും ദേവസ്വം ബോര്‍ഡിന്‍റെ കേസ് നീണ്ടുപോകാനുള്ള സാധ്യത കൂട്ടുന്നു.

click me!