ദേവസ്വം ബോർഡിൽ താൽക്കാലിക വെടി നിർത്തലോ? നിലപാടിൽ മലക്കം മറിഞ്ഞ് പദ്മകുമാർ

By Web TeamFirst Published Feb 8, 2019, 5:45 PM IST
Highlights

ശബരിമലയിൽ ദേവസ്വംബോർഡ് പറഞ്ഞ നിലപാട് ആര് നിർദേശിച്ചിട്ടാണെന്ന് ഇനിയും വ്യക്തമല്ല. ബോർഡ് നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്‍റ് എ പദ്മകുമാറാകട്ടെ നിലപാട് തിരുത്തി. ആശയക്കുഴപ്പമുണ്ടാക്കിയതിൽ അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണറും പറയുന്നു.

തിരുവനന്തപുരം: തടസ്സഹർജിയുടെ കാര്യത്തിൽ  മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ദേവസം ബോർഡ് പ്രസിഡന്‍റ് സർക്കാരിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. പദ്മകുമാറിന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കി. ഇതോടെ ദേവസ്വം ബോർഡിൽ താൽക്കാലിക വെടിനിർത്തലായി.

ദേവസ്വംബോർഡ് കമ്മീഷണർ എൻ വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നാണ് മുൻ നിലപാട് തിരുത്തി എ പദ്മകുമാർ പറഞ്ഞത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമമുണ്ട്. താൻ പുറത്തല്ല, അകത്ത് തന്നെയാണെന്നും പദ്മകുമാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ സാവകാശഹർജിയെക്കുറിച്ച് പരാമർശിക്കാതെ സർക്കാരിനെ പിന്തുണച്ചതിൽ അതൃപ്തി പരസ്യമാക്കി പദ്മകുമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ആ നിലപാട് പൂർണമായും മാറ്റിപ്പറയുകയാണ് പദ്മകുമാറിപ്പോൾ. 

പദ്മകുമാറിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബോർഡ് പ്രസിഡന്‍റ് നിലപാട് മാറ്റുന്നത്. പുറത്ത് പോകാൻ ഉദ്ദേശമില്ലെന്നും കാലാവധി പൂർത്തിയാക്കുമെന്നും പദ്മകുമാർ വ്യക്തമാക്കി. കമ്മീഷണറോട് താൻ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. തുടർന്ന് അത് അന്തിച്ചർച്ചയ്ക്ക് വിധേയമാക്കുകയായിരുന്നു. ശബരിമല വികസനത്തിനായി 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.

സാവകാശ ഹർജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. തർക്കത്തിലാക്കി ദേവസ്വം ബോർഡിനെ തകർക്കാമെന്ന് കരുതേണ്ടെന്നും പദ്മകുമാർ വ്യക്തമാക്കി. 

അതേസമയം, പദ്മകുമാറിന്‍റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സാവകാശ ഹർജിക്ക് ഇനി പ്രസക്തിയില്ല. മണ്ഡലകാലത്തിന് വേണ്ടിയാണ് സാവകാശം ചോദിച്ചിരുന്നത്. മണ്ഡലകാലം കഴിഞ്ഞ സ്ഥിതിക്ക് ഇതിന് പ്രസക്തിയില്ല. ദേവസ്വം ബോർഡിന്‍റെ നിലപാടിൽ പത്മകുമാറിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഇന്നലെ വിമർശനവുമായി രംഗത്ത് എത്തിയതുമുതൽ പത്മകുമാർ പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും വലിയ എതിർപ്പാണ് നേരിട്ടത്. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയോട് അടക്കം പരാതി പറഞ്ഞിട്ടും അനുകൂല നിലപാടുണ്ടായില്ല. ദേവസ്വം കമ്മീഷണർ ഇന്ന് പരസ്യമായിത്തന്നെ പ്രസിഡന്‍റിനെ തള്ളിപ്പറഞ്ഞു.

എ പദ്മകുമാറിന്‍റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്നാണ് നേരത്തെ ദേവസ്വം കമ്മീഷണര്‍ എൻ വാസു വ്യക്തമാക്കിയത്. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എകെജി സെന്‍ററിലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ വാസു പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാൽ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു പറഞ്ഞു. 

click me!