ദേവസ്വം ബോർഡ് അവഗണന; വണ്ടിപ്പെരിയാർ പഴയ സത്രം നശിക്കുന്നു

By Web TeamFirst Published Nov 22, 2018, 6:49 AM IST
Highlights

പൂർണ്ണനാശത്തിന്റെ വക്കിലാണ് വണ്ടിപ്പെരിയാർ പഴയ സത്രം. ദേവസ്വം ബോർഡിന്‍റെ അവഗണനയില്‍ സത്രം കാടുകയറിയും കയ്യേറ്റം മൂലവും നശിക്കുകയാണ്...
 

ഇടുക്കി: ദേവസ്വം ബോർഡ് തിരിഞ്ഞുനോക്കാതായതോടെ പൂർണ്ണനാശത്തിന്റെ വക്കിലാണ് വണ്ടിപ്പെരിയാർ പഴയ സത്രം. അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായിരുന്ന പഴയ സത്രം കാടുകയറിയും കയ്യേറ്റം മൂലവും നശിക്കുകയാണ്.

പണ്ട് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ വണ്ടിപ്പെരിയാറിലെത്തി പരമ്പരാഗത കാനനപാതവഴിയാണ് ശബരിമലയിലേക്ക് പോയിരുന്നത്. യാത്രാമധ്യേ തങ്ങാനാണ് ഇവിടെ എട്ടുകെട്ട് മാതൃകയിൽ ഒരു സത്രം പണി കഴിപ്പിച്ചത്. ഈ പ്രദേശത്തിന് സത്രമെന്ന പേരുവരാൻ കാരണവും ഇതു തന്നെ. പല നാടുകളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് വലിയ ആശ്രയമായിരുന്നു എല്ലാ സൗകര്യങ്ങളോടും കൂടിയ സത്രം. 

എന്നാൽ കാലക്രമേണ, നോട്ടമില്ലാതായതോടെ കെട്ടിടം നശിച്ചു. ഭൂമി കയ്യേറ്റവും കെട്ടിടത്തിലെ സാമഗ്രികൾ പലരും പൊളിച്ചുകൊണ്ടുപോയതോടെയും ശേഷിക്കുന്നത് ഇക്കാണുന്നത് മാത്രമായി. പൈതൃക സ്മാരകമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും നടപടിയായില്ല.

സ്ഥലപരിമിതിയും അടിസ്ഥാന സൌകര്യങ്ങളുടെ കുറവും മൂലം പുതിയ സത്രത്തിൽ തീർത്ഥാടകർ വലയുമ്പോഴാണ് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഭൂമി ഇങ്ങനെ കാടുകയറി നശിക്കുന്നത്.

click me!