ദേവസ്വം കമ്മീഷണർ എകെജി സെന്‍ററിൽ; എൻ വാസു കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Feb 7, 2019, 5:51 PM IST
Highlights

ദേവസ്വം കമ്മീഷണർ എൻ വാസു വിമാനത്താവളത്തിൽ നിന്ന് നേരെ പോയത് എകെജി സെന്‍ററിലേക്കാണ്. ഒപ്പം ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് പ്രസിഡന്‍റ് കെ എൻ രാജഗോപാലും.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരായ ഹ‍ർജികൾ പരിഗണിക്കുന്നതിനിടെ ഇന്നലെ സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് നിലപാട് മാറ്റിയതിനെച്ചൊല്ലി തർക്കം മൂക്കുന്നതിനിടെ ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എകെജി സെന്‍ററിലെത്തി. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എൻ വാസു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി എൻ വാസു നേരെ പോയത് എകെജി സെന്‍ററിലേക്കാണ്. അരമണിക്കൂറോളം എൻ വാസു കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് പ്രസിഡന്‍റ് കെ എൻ രാജഗോപാലും ഒപ്പമുണ്ടായിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിനെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. 

ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയ സംഭവത്തെച്ചൊല്ലി ദേവസ്വംബോർഡിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സുപ്രീംകോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് വിശദീകരണം നല്‍കാന്‍ പ്രസിഡന്‍റ് എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read More: കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല, ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി പ്രസിഡന്‍റ്

സാവകാശ ഹര്‍ജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ ലക്ഷ്യം. എന്നാല്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകള്‍ ഇല്ലാതായി.

സാവകാശ ഹര്‍ജിയെപ്പറ്റി പരാമര്‍ശിക്കുക കൂടി ചെയ്യാതെ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ദേവസ്വം അഭിഭാഷകനെ ആരാണ് അതിനെ ചുമതലപ്പെടുത്തിയതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ പത്മകുമാറിന്‍റെ ചോദ്യം.

ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പ്രസിഡന്‍റ് എന്‍ പത്മകുമാര്‍ പറയുന്നത്.

Read More: സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല; പ്രസിഡന്‍റിനെ തള്ളി ദേവസ്വം കമ്മീഷണർ

എന്നാൽ തന്നോട് ആരും വിശദീകരണം തേടിയിട്ടില്ലെന്നും ദേവസ്വംബോർഡ് കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്നുമാണ് ദേവസ്വം കമ്മീഷണർ എൻ വാസു മറുപടി നൽകുന്നത്. വാദം നടന്നത് പുനഃപരിശോധനാ ഹര്‍ജികളിലാണ്. സാവകാശ ഹര്‍ജികളില്‍ വാദം നടന്നിട്ടില്ല. ദേവസ്വം ബോര്‍ഡ് നവംബര്‍ മാസത്തിലെടുത്ത നിലപാടിന് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഈ നിലപാട് മാറ്റിയിട്ടില്ലെന്നും വാസു പറഞ്ഞു.

click me!