Asianet News MalayalamAsianet News Malayalam

സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല; പ്രസിഡന്‍റിനെ തള്ളി ദേവസ്വം കമ്മീഷണർ

തന്നോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണർ എന്‍ വാസു

devaswom commissioner explain  devaswom board s stand in sc on sabarimala review petitions
Author
Thiruvananthapuram, First Published Feb 7, 2019, 4:30 PM IST

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. വാദം നടന്നത് പുനഃപരിശോധനാ ഹര്‍ജികളിലാണ്. സാവകാശ ഹര്‍ജികളില്‍ വാദം നടന്നിട്ടില്ല. ദേവസ്വം ബോര്‍ഡ് നവംബര്‍ മാസത്തിലെടുത്ത നിലപാടിന് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഈ നിലപാട് മാറ്റിയിട്ടില്ലെന്നും വാസു പറഞ്ഞു.

മുന്‍ ബോര്‍ഡ് എടുത്ത നിലപാടിനനുസരിച്ചാണ് സുപ്രീംകോടതിയില്‍ നേരത്തേ വാദം നടന്നത്. തുടര്‍ന്ന് വിധി വന്നതോടെ അത് നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ബാധ്യസ്ഥരാണ് എന്നതിനാല്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് നവംബറില്‍ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചത്. അത് അനുസരിച്ചാണ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ബോര്‍ഡ് തീരുമാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു തീരുമാനവും സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വാസു കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ സുപ്രീംകോടതിയില്‍ നടന്നത് റിവ്യൂ പെറ്റിഷന്‍സ് നിയമപരമായി നിലനില്‍ക്കുമോ ഇല്ലയോ എന്ന വാദമാണ്. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ല. വിധി വന്ന ഉടന്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കാനാകില്ല എന്നതിനാലാണ് സാവകാശ ഹര്‍ജി നല്‍കിയത്. ആ ഹര്‍ജി നല്‍കിയത് കഴിഞ്ഞ സീസണുമായി ബന്ധപ്പെട്ടാണ്. സീസണ്‍ കഴിഞ്ഞതോടെ അത് കഴിഞ്ഞു. ഇനി സാവകാശ ഹര്‍ജി നല്‍കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. സുപ്രീംകോടതിയില്‍ രാകേഷ് ദ്വിവേദി നടത്തിയ വാദത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് ആശയക്കുഴപ്പമുണ്ടോ എന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടില്ലെന്നും കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios