
പത്തനംതിട്ട: ശബരിമലയിൽ പഴക്കം ചെന്ന അരവണ വിറ്റു എന്ന ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടിയുമായി ദേവസ്വം ബോർഡ്. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചു ദേവസ്വം ബോർഡ് അധികൃതർ സന്നിധാനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാന കൗണ്ടറിൽ നിന്ന് വാങ്ങിയ അരവണ പഴക്കം ചെന്നതാണെന്നാണ് നിലമ്പൂർ സ്വദേശി രാധകൃഷ്‌ണനും സുഹൃത്തുക്കളും ഡ്യൂട്ടി മജിസ്‌ട്രേറ്റിന് നൽകിയ പരാതി. അരവണ വാങ്ങിയ ബില്ലും കഴിഞ്ഞ വർഷം ഡിസംബറിൽ പായ്ക്ക് ചെയ്ത തീയതിയുള്ള അരവണയും ഇവർ പരാതിക്കൊപ്പം നൽകി. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.
2018 നവംബറിൽ തയ്യാറാക്കിയ 10,11 ബാച്ചുകളിലെ അരവനയാണ് വിൽക്കുന്നത്. മെഷീൻ നമ്പറിങ് വഴി വിൽപ്പനക്ക് എത്തിക്കുന്ന അരവണ പാക്കേറ്റുകളിൽ പഴയതു വരാൻ സാധ്യത ഇല്ല. മാത്രമല്ല, കഴിഞ്ഞ തവണ തയ്യാറാക്കിയ അരവണ എല്ലാം മകര വിളക്ക് സമയത്തും മാസ പൂജ സമയത്തും വിറ്റ് തീർന്നു. പൊലീസ് അന്വേഷണത്തിലൂടെ ആരോപണത്തിന്റെ സത്യാവസ്ഥ വരട്ടെ എന്നാണ് ദേവസ്വത്തിന്റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam