
കോട്ടയം: യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിന് പിന്നാലെ പ്രതിഷേധം ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്കാരിക ചടങ്ങുകളില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ പത്മകുമാറും മെബംര്‍മാരായ വിജയകുമാറും, കെപി ശങ്കര്‍ദാസും വിട്ടു നിന്നത്.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കേണ്ടത് പ്രസിഡന്റും അംഗങ്ങളുമാണ്. പരിപാടികളുടെ നോട്ടീസില്‍ അടക്കം ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ പേരുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് ഇവരെല്ലാം ഏറ്റുമാനൂരിലേക്കുള്ള യാത്ര റദ്ദാക്കിയെന്നാണ് വിവരം. ക്ഷേത്രത്തില്‍ വച്ച് പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു താന്‍ മടങ്ങുകയാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ എന്‍.പത്മകുമാര്‍ ആറമുളയിലുണ്ടെങ്കിലും ഏറ്റുമാനൂരിലേക്ക് വരുന്നില്ലെന്ന് അദ്ദേഹം ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ബോര്‍ഡ് അംഗമായ കെപി ശങ്കര്‍ദാസ് ഇന്നലെ രാത്രി തന്നെ കോട്ടയത്ത് എത്തിയെങ്കിലും രാവിലെ ഏഴരയോടെ ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ച അദ്ദേഹം ഇതുവരെ ഏറ്റുമാനൂരില്‍ എത്തിയിട്ടില്ല. യുവതീപ്രവേശനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ രീതിയിലുള്ള പ്രതിഷേധമുണ്ടായ സ്ഥലങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എത്തുന്ന പക്ഷം കരിങ്കൊടി പ്രതിഷേധമടക്കം നടക്കാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam