
തൃശൂര്‍: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിന്‍റെ മകളുടെ വിവാഹത്തിന് വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ ചട്ടം ലംഘനമുണ്ടായെന്ന് തൃശൂർ റേഞ്ച് ഓഫീസറുടെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെന്ന് മന്ത്രി കെ.രാജു പ്രതികരിച്ചു. സംഭവം അന്വേഷിച്ച ഫ്ലൈയിംഗ് സ്ക്വാഡ് തൃശ്ശൂർ റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.
സെപ്തംബർ 29 ന് തൃശ്ശൂരിലെ പന്നിത്തടത്ത് നടന്ന വിവാഹത്തിന് അതിഥികളെ സ്വീകരിക്കാനാണ് വനം വകുപ്പ് വാഹനങ്ങൾ ദുരുപയോഗം ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പട്ടിക്കാട് റേഞ്ച് ഓഫീസിലേയും പൊങ്ങണങ്ങാട്, വാഴാനി, മായന്നൂർ എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും വാഹനങ്ങൾ ഉപയോഗിച്ചതിൽ ചട്ട ലംഘനം നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
എറണാകുളം ഡിഎഫ്ഒ രാജു ഫ്രാൻസിസിന് സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് പിസിസിഎഫ് അനിൽകുമാർ ധരണിക്ക് കൈമാറും. നേരത്തെ തന്‍റെ നിർദേശപ്രകാരമാണ് വാഹനങ്ങൾ ഉപയോഗിച്ചതെന്നും ഇതിന് പിന്നീട് പണം അടച്ചുവെന്നും തൃശ്ശൂർ ഡിഎഫ്ഒ സുയോഗ് പാട്ടീൽ വ്യക്തമായിരുന്നു. മറ്റ് ജില്ലകളിൽ നിന്നും ചട്ടം ലംഘിച്ച് വിവാഹത്തിനെത്തിയ സർക്കാർ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam