സമൂഹമാധ്യമങ്ങളിൽ വർഗീയത പ്രചരിപ്പിച്ചാൽ അറസ്റ്റ്: ഡിജിപിയുടെ കർശന നിർദേശം

By Web TeamFirst Published Jan 6, 2019, 12:30 PM IST
Highlights

നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനനടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചാലും അറസ്റ്റുൾപ്പടെ നേരിടേണ്ടി വരും. 

ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും  വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. സമൂഹത്തിൽ സ്പർധ വളർത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന്  അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പോലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പോലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

click me!