
കണ്ണൂര്‍: വീട്ടമ്മയുടെ മാല കവർന്നെന്ന പേരിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രവാസി താജുദ്ദീൻ നിരപരാധിയെന്ന് അന്വേഷണ റിപ്പോർട്ട്. പൊലീസ് പിടിച്ചെടുത്ത പണവും പാസ്പോർട്ടും തിരികെ നൽകാൻ ഡിജിപി കണ്ണൂർ എസ്.പിക്ക് നിർദേശം നൽകി. താജുദ്ദീനെ ആളുമാറി 54 ദിവസം ജയിലിലിട്ട വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്.
മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11നാണ് ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു ഇത്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം, സ്വന്തം നിലയിൽ അന്വേഷിച്ച് തന്നോട് സാമ്യമുള്ള സമാന കേസിൽ ജയിലിലായ ക്രിമിനൽ കേസ് പ്രതിയുടെ ഫോട്ടോകൾ സഹിതം ഡിജിപിക്ക് പരാതി നൽകി. ഇതിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിപിയുടെ നടപടി.
കേസിൽ യഥാർത്ഥ പ്രതിയെ പിടികൂടാൻ ഫോട്ടോകളടക്കം താജുദ്ദീൻ നൽകിയ തെളിവുകളെ പൊലീസിന് ആശ്രയിക്കേണ്ടി വരും. തെളിവുകളില്ലാതെ അറസ്റ്റ് ചെയ്തതിന് പുറമെ ഭാര്യയെയും മക്കളെയും അപമാനിച്ചതിനും, അപവാദം പ്രചരിപ്പിച്ചതിനും പൊലീസിനെതിരെ കൂടുതൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് താജുദ്ദീനും കുടുംബവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam