
തിരുവനന്തപുരം:സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റർ വേണമെന്ന് ഡിജിപി വീണ്ടും സർക്കാറിന് ശുപാർശ നൽകി.പ്രകൃതി ദുരന്തങ്ങളിൽ രക്ഷാ ദൗത്യം വേഗത്തിലാക്കാൻ ഇത് വഴി സാധിക്കുമെന്നാണ് ലോക്നാഥ് ബെഹ്റ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്.
മഹാപ്രളയം ഉണ്ടായപ്പോൾ പെട്ടെന്ന് പൊലീസ് സേന അംഗങ്ങൾക്ക് ദുരിത ബാധിത സ്ഥലങ്ങളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീടെത്തിയ വ്യോമ-നാവിക സേനാ ഹെലികോപ്റ്ററുകളാണ് രക്ഷയായത്. സംസ്ഥാനത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്ററുണ്ടെങ്കിൽ ഇത്തരം സാഹചര്യത്തിൽ പൊലീസിന് വേഗത്തിൽ പ്രവർത്തിക്കാനാകുമെന്നാണ് ഡിജിപി പറയുന്നത്.
ബംഗ്ളൂരു ആസ്ഥാനമായ കന്പനികളില്‍ നിന്നും മൂന്ന് വർഷത്തെ കരാറിൽ ഹെലികോപ്റ്റർ വാടക്ക് എടുക്കാമെന്നാണ് നിർദ്ദേശം , ഇന്ധനം, പൈലറ്റിൻറെ ശന്പളം, അറ്റകുറ്റപ്പണികള്‍ എന്നിവ കന്പനി വഹിക്കും. ഓരോ മാസവും നൽകേണ്ട തുക സർക്കാർ നിശ്ചയിക്കണമെന്നാണ് നിർദ്ദേശം. ശബരിമല തീർത്ഥാടന കാലത്തും ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ഡിജിപി ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ സമാനമായ ശുപാർശ ഡിജിപി നൽകിയെങ്കിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ല. പ്രകൃതി ക്ഷോഭവും രക്ഷാപ്രവർത്തനങ്ങളുംഇല്ലാത്ത സമയങ്ങളിൽ ഹെലികോപ്റ്റർ എങ്ങനെ ഉപയോഗിക്കുമെന്നാണ് സർക്കാറിന് മുന്നിലെ സംശയം. വാടക ഇനത്തിൽ വൻ തുക നഷ്ടമാകുമെന്ന ചിന്തയും സർക്കാറിനുണ്ട്. മാത്രമേ ഹെലികോപ്റ്റർ രക്ഷാദൗത്യത്തിന് പൊലീസിന് പ്രത്യേക പരിശീലനവും ആവശ്യമാണ്. നിലവിൽ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ സന്ദർശനത്തിനായി ബെംഗളൂരുവിലെ വിവിധ കന്പനികളില്‍ നിന്നും ഹെലികോപ്റ്റർ സംസ്ഥാനം വാടകക്കാണ് എടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam