ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചനയെന്ന് പരാതി

By Web TeamFirst Published Aug 29, 2018, 11:28 AM IST
Highlights

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന്  ആരോപണം. 

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

മഠത്തിലെ തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയുടെ ബന്ധുവായ ആള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും കാറിന്‍റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് ആരായുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. 

അന്യസംസ്ഥാനതൊഴിലാളിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്നാണ് പരാതിയില്‍ പറയുന്നതെങ്കിലും ഫോണ്‍ നന്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പരാതിയില്‍ പരാമര്‍ശിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ പ്രിന്‍റുവിന്‍റെ മൊഴിയെടുക്കാനായി കുറുവിലങ്ങാട് പൊലീസ് ഇന്ന് തന്നെ മഠത്തിലെത്തും. പുതിയ പരാതി കൂടി വന്നതോടെ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസായി ഇത് മാറുകയാണ്. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരുന്നു. ഈ പരാതികളില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്പോള്‍ ആണ് പുതിയപരാതി വരുന്നത്. 


 

click me!