പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കണമെന്ന് ഹൈക്കോടതി

Published : Aug 29, 2018, 12:00 PM ISTUpdated : Sep 10, 2018, 02:51 AM IST
പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കണമെന്ന് ഹൈക്കോടതി

Synopsis

നാശനഷ്ടത്തിന് അനുസരിച്ച് ഓരോ പ്രദേശങ്ങളെയും പ്രത്യേക സോണായി തിരിക്കണം. ഇത് നഷ്ടപരിഹാരം വിതരണം ചെയ്യുന്പോള്‍ സര്‍ക്കാരിന് ഗുണകരമാവും. സോണ്‍ അടിസ്ഥാനത്തിലുള്ള മാപ്പുകള്‍ ഇന്‍ഷുറന്‍സ് അധികൃതരുമായി ബന്ധപ്പെടുന്പോള്‍ ഇരകള്‍ക്കും ഗുണം ചെയ്യും. നാശനഷ്ടം സ്ഥാപിക്കാന്‍ മറ്റു റിപ്പോര്‍ട്ടുകളോ രേഖകളോ ആവശ്യമായി വരില്ല. കൂടാതെ ഈ മാപ്പ് ഭാവിയിലെ ദുരന്തങ്ങളെ നേരിടാനും സര്‍ക്കാരിനെ സഹായിക്കും.  

കൊച്ചി: പ്രളയം മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കുന്ന പ്രത്യേക മാപ്പ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ജില്ലകളിലെ ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മാപ്പുണ്ടാക്കണമെന്നാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലുള്ളത്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ ഷിബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 

നാശനഷ്ടത്തിന് അനുസരിച്ച് ഓരോ പ്രദേശങ്ങളെയും പ്രത്യേക സോണായി തിരിക്കണം. ഇത് നഷ്ടപരിഹാരം വിതരണം ചെയ്യുന്പോള്‍ സര്‍ക്കാരിന് ഗുണകരമാവും. സോണ്‍ അടിസ്ഥാനത്തിലുള്ള മാപ്പുകള്‍ ഇന്‍ഷുറന്‍സ് അധികൃതരുമായി ബന്ധപ്പെടുന്പോള്‍ ഇരകള്‍ക്കും ഗുണം ചെയ്യും. നാശനഷ്ടം സ്ഥാപിക്കാന്‍ മറ്റു റിപ്പോര്‍ട്ടുകളോ രേഖകളോ ആവശ്യമായി വരില്ല. കൂടാതെ ഈ മാപ്പ് ഭാവിയിലെ ദുരന്തങ്ങളെ നേരിടാനും സര്‍ക്കാരിനെ സഹായിക്കും.


ദുരിതാശ്വാസ-പുനരധിവാസ നടപടികള്‍ക്കിടയില്‍ ഉണ്ടാവാവൂന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യനിര്‍മാര്‍ജനം, റോഡിലെയും കനാലുകളിലെയും മാലിന്യനിര്‍മാര്‍ജനം, കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവക്കും പദ്ധതി വേണം. ഇവ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഒപ്പം തന്നെ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. 

ദുരിതാശ്വാസം-പുനരധിവാസം-പുനര്‍നിര്‍മാണം എന്നിവ സംബന്ധിച്ച നടപടികളെ കുറിച്ച് സര്‍ക്കാര്‍ മതിയായ പ്രചരണം നടത്തണം. ദുരവസ്ഥ മറികടക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചു എന്നു ഇരകളെ ബോധ്യപ്പെടുത്തല്‍ പ്രധാനമാണെന്നും ഇടക്കാല ഉത്തരവ് പറയുന്നു. രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പരിപാടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ അറിയിച്ചു. 

സംസ്ഥാനത്ത് ഭക്ഷണത്തിനും മരുന്നിനും ക്ഷാമമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഇവ നല്‍കി വരുകയാണെന്നും എന്തു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ എത്രയും വേഗം കണക്കാക്കണമെന്നും വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടാകാം. അവയെ കണ്ടെത്തി സഹായം നല്‍കണം. മുന്‍കാലങ്ങളില്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രളയ കാലത്ത് കരയിലേക്ക് തിരികെ എത്തി. ഇപ്പോള്‍ അവയെ വീണ്ടും പുഴയിലേക്ക് എറിയുകയാണ്. പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മാണം തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണം. 

വിദ്യാര്‍ഥികള്‍ക്ക് ടെക്്‌സ്റ്റ് ബുക്കുകള്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കുന്നതാണ്. മറ്റു വിഷയങ്ങളിലും സമാനമായ ഉറപ്പുകള്‍ നല്‍കാവുന്നതാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസം സംബന്ധിച്ച് ഹൃസ്വ-ദീര്‍ഘ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന കേരളം ഈ ഗതിവേഗം തുടരണം. 

പ്രളയമുണ്ടായപ്പോള്‍ തന്നെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇവിടെയെത്തി. 
കേരള സര്‍ക്കാര്‍, അതിലെ റെവന്യു, പോലിസ്, ആരോഗ്യ, അഗ്നിശമന തുടങ്ങിയ എല്ലാ വകുപ്പുകളും അതി ബൃഹത്തായ ജോലിയാണ് ചെയ്തത്. സര്‍ക്കാരിന്റെ സഹായം കിട്ടാത്ത ചില പോക്കറ്റുകള്‍ ഉണ്ടാവും. അവരിലേക്കും എത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പു തരുന്നുണ്ട്.  കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രളയമുണ്ടായപ്പോള്‍ പ്രതികരിച്ചു. മല്‍സ്യതൊഴിലാളികള്‍ ഒരുപാട് സഹായം ചെയ്തു. രാഷ്ട്രീയ പാര്‍ടികള്‍ ഒരുമിച്ചു നിന്നു. പ്രളയം കേരളത്തെ ഒരുമിപ്പിച്ചു. കേരളം ഈ പക്വത തുടരണം. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'