ധാക്കയില്‍  ഭീകരാക്രമണത്തില്‍ 20 പേര്‍ മരിച്ചു

By Web DeskFirst Published Jul 2, 2016, 3:59 AM IST
Highlights

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ  ധാക്കയില്‍  ഭീകരാക്രമണത്തില്‍ 20 പേര്‍ മരിച്ചു. ബന്ദികളാക്കിയ 13 പേരെ  മോചിപ്പിച്ചു. 6  ഭീകരരെ  സുരക്ഷാ  സേന  വധിക്കുകയും ഒരാളെ  പിടികൂടുകയും ചെയ്തു.ആക്രമണത്തിന്‍റെ  ഉത്തരവാദിത്തം  ഇസ്ളാമിക്  സ്റ്റേറ്റ്  ഏറ്റെടുത്തു. ഭീകരവാദത്തെ  രാജ്യം  ഒറ്റക്കെട്ടായി  ചെറുക്കുമെന്ന്  പ്രധാനമന്ത്രി  ഷേഖ്  ഹസീന  വ്യക്തമാക്കി.

കൊല്ലപ്പെട്ടവരിലേറെയും വിദേശികളാണ്. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആറു ഭീകരരെ 10 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ സൈന്യം വധിച്ചു. ഭീകരരിൽ ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

ഭീകരർ ബന്ദികളാക്കിയ വിദേശികളടക്കമുള്ള 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ജപ്പാൻ, ശ്രീലങ്ക, അർജന്റീന എന്നിവിടങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.

ധാക്കയിലെ ഗുൽഷാനിലുള്ള ഹോളി ആർടിസാൻ ബേക്കറി കഫേയിൽ അതിക്രമിച്ചു കടന്ന ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദർശിക്കാറുള്ള കഫേയിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം.


 

click me!