
ദില്ലി: റഫാലിൽ മോദിക്ക് വേണ്ടി കള്ളം പറയുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിമാന കമ്പനിയായ ദസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയര്‍. ഇപ്പോഴത്തെ കരാറിൽ യുപിഎ കാലത്ത് നിശ്ചയിച്ചതിനെക്കാള്‍ റഫാൽ വിമാനങ്ങള്‍ക്ക് ഒന്‍പത് ശതമാനം വിലക്കുറവാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കള്ളങ്ങള്‍ പടച്ച് അഴിമതി മറയ്ക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
റഫാല്‍ കേസില്‍ റിലയൻസിന് പണം നൽകിയിട്ടില്ലെന്ന് ദസോ ഏവിയേഷന്‍ സിഇഒ പറഞ്ഞു. സംയുക്ത കമ്പനിയിലാണ് പണം നിക്ഷേപിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അനിൽ അംബാനിയെ പങ്കാളിയാക്കിയത് തങ്ങളാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കായി തങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും ദസോ സിഇഒ പറഞ്ഞു.
റഫാൽ കരാറിന്‍റെയും യുദ്ധവിമാനങ്ങളുടെയും വിവരം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെയാണ് കരാറിനെക്കുറിച്ച് ദസോ സിഇഒ വിശദമായ അഭിമുഖം നല്‍കുന്നത്. റിലയൻസിനെ പങ്കാളിയിക്കിയതെ ഡാസോയാണെന്ന് അവര്‍ത്തിക്കുന്ന എറിക് ട്രാപ്പിയര്‍ കമ്പനി സി.ഇ.ഒയുടെ കസേരിയിലിരുന്ന തനിക്ക് കള്ളം പറയാനാവില്ലെന്നും രാഹുൽ ഗാന്ധിക്ക് മറുപടി നൽകുന്നു.
താൻ ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല . നെഹ്റുവിന്‍റെ കാലം മുതൽ ഡാസോ കോണ്‍ഗ്രസുമായി സഹകരിച്ചിട്ടുണ്ട് . റിലയന്‍സിൽ ദസോ നിക്ഷേപിച്ച 284 കോടി , കോഴയുടെ ആദ്യ ഗഡുവെന്ന് രാഹുലിന്‍റെ ആരോപണത്തിന് റിലയന്‍സുമായി ചേര്‍ന്നുള്ള കമ്പനിയിലെ നിക്ഷേപണമാണെന്നാണ് മറുപടി. റഫാൽ കരാറിൽ 10 ശതമാനം പങ്കാളിത്തം മാത്രമാണ് റിലയന്‍സിന്. യുപിഎ കാലത്തെ കരാര്‍ അനുസരിച്ച് ഇന്ത്യയിൽ നിര്‍മിക്കുന്ന 108 വിമാനങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന തര്‍ക്കമായിരുന്നു എച്ച്എഎല്ലിനെ ഒഴിവാക്കാനുള്ള കാരണം. പഴയ കരാറുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടെന്ന് ഇന്ത്യൻ സര്‍ക്കാര്‍ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് എച്ച്എഎല്ലിനെ ഒഴിവാക്കിയുള്ള പുതിയ കരാര്‍. യു.പി.എ കാലത്ത് വാങ്ങാൻ നിശ്ചയിച്ച അതേ വിമാനങ്ങളാണ് പുതിയ കരാറിലൂടെയും ഇന്ത്യയ്ക്ക് കൈമാറുന്നത് .
കൂട്ടു പ്രതികളുടെ പ്രസ്താവനയ്ക്ക് വില കല്‍പിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാലയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam