
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സര്‍ക്കാരിന് ആശ്വാസം. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞുളള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവച്ചത്.
മുകളിലുളള കോടതി മന്ത്രി മുരളിക്കും മന്ത്രിയുടെ സര്‍ക്കാരിനും നല്‍കിയ ആശ്വാസം ചെറുതല്ല. ഡിഎച്ച്എസ് സ്ഥാനത്തു നിന്ന് ഡോക്ടര്‍ റീനയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത് ജൂണ്‍ 12 ന് . ജൂണ്‍ 13ന് ഡോ. മീനാക്ഷി ഡിഎച്ച്എസിന്‍റെ ചുമതലയേറ്റെടുക്കുകയും ചെയ്തു. ജൂണ്‍ 18നാണ് റീനയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തുളള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നത്. പുതുതായി നിയോഗിക്കപ്പെട്ട ആള്‍ ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്തതില്‍ അപാകതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നടപടിയിലെ സാങ്കേതിക വീഴ്ച മാത്രം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
സ്ഥലം മാറ്റത്തില്‍ ഡോക്ടര്‍ റീനയ്ക്ക് പരാതിയുണ്ടെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ വീണ്ടും സമീപിക്കാമെന്നും വിശദമായ വാദം കേട്ട ശേഷം ട്രൈബ്യൂണലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മന്ത്രിയുമായുളള അഭിപ്രായ ഭിന്നതകള്‍ക്കു പിന്നാലെയായിരുന്നു ഡോക്ടര്‍ റീനയുടെ സ്ഥലം മാറ്റവും പിന്നാലെയുണ്ടായ വിവാദവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam