
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈലാസ യാത്ര വീണ്ടും വിവാദമാക്കി ബി.ജെ.പി. മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ചിക്കന്‍ സൂപ്പ് കഴിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഓഗസ്റ്റ് 31ന് കാഠ്മണ്ഡുവില്‍ എത്തിയ രാഹുല്‍ ഗാന്ധി വൂറ്റൂ എന്ന ഹോട്ടലിലാണ് അത്താഴം കഴിച്ചത്.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടി അദ്ധ്യക്ഷന്‍റെ ഹോട്ടല്‍ സന്ദര്‍ശനം നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അദ്ദേഹം എന്താണ് കഴിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ചിക്കന്‍ സൂപ്പ് കഴിച്ചുവെന്ന് ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്തയാണ് ബി.ജെ.പി ഏറ്റെടുത്ത് വിവാദമാക്കിയിരിക്കുന്നത്.
മാനസരോവര്‍ യാത്രയില്‍ മാംസാഹാരം കഴിച്ച് രാഹുല്‍ ഗാന്ധി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംഭവം ബി.ജെ.പി വിവാദമാക്കിയതിന് പിന്നാലെ വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ രംഗത്ത് വന്നു.
രാഹുല്‍ ഗാന്ധി തങ്ങളുടെ ഹോട്ടലില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിച്ചതെന്നും നോണ്‍വെജ് കഴിച്ചുവെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഹോട്ടല്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ രാഹുല്‍ ഗാന്ധി ചൈന വഴി കാഠ്മണ്ഡുവിലേക്ക് പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ബി.ജെ.പി വിവാദം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam