
ഗോരഖ്പൂര്‍: പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് അവരെ തട്ടിക്കൊണ്ട് വന്നും വിവാഹം നടത്താനുള്ള സഹായങ്ങള്‍ ചെയ്യാമെന്ന വിവാദ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ റാം ഖദം. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിജെപി വക്താവുമാണ് റാം ഖദം. ഗോകുലാഷ്ടമി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ റാം ഇക്കാര്യങ്ങള്‍ പറയുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
നിങ്ങളുടെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും. അതിന് ആദ്യമായി നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് റാം ഖദം അവിടെ കൂടിയിരുന്ന ജനങ്ങളോട് ചോദിച്ചു. എന്നാല്‍, മറുപടി ഒന്നും ആരും പറയാതിരുന്നതിനാല്‍ രാം തന്നെ ബാക്കി കൂടെ പറഞ്ഞു.
ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കുമെന്നാണ് എംഎല്‍എ പറഞ്ഞത്. ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്പറും എംഎല്‍എ നല്‍കി. പക്ഷേ, റാം ഖദമിന്‍റെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പദ്ധാവോ എന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.
എന്നാല്‍, അവരുടെ പ്രവര്‍ത്തികള്‍ മൂലം ജനങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന് പറയേണ്ടി വരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പ്രതികരിച്ചു. റാം ഖദമിനെ അങ്ങനെയല്ല വിളിക്കേണ്ടതെന്നും രാവണ്‍ ഖദം എന്നാണ് ചേരുന്നതെന്നും എന്‍സിപി വക്താവ് നവാബ് മാലിക്ക് പറഞ്ഞു. സംഭവം വിവാദമായതോടെ എംഎല്‍എ പിന്തുണച്ച് ബിജെപി രംഗത്തെത്തി.
തന്‍റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് അത് മുഴുവന്‍ വീഡിയോയില്‍ ഇല്ലെന്നും എംഎല്‍എ വിശദീകരണം നല്‍കിയതായും അത് പാര്‍ട്ടി അംഗീകരിച്ചതായും ബിജെപി വക്താവ് മാധവ് ഭണ്ഡാരി വ്യക്തമാക്കി. കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ രാം ഖദം തയാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam