കേസിന്‍റെ വിവരങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ദിലീപ്

By Web DeskFirst Published Sep 26, 2017, 12:33 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം  ഹൈക്കോടതിയിൽ പൂർത്തിയായി. കേസിൽ  പ്രോസിക്യൂഷൻ വാദംനാളെ നടക്കും.  അന്വേഷണം തുടങ്ങി ഏഴുമാസം കഴിഞ്ഞിട്ടും ദൃശ്യങ്ങൾ പകർത്തിയ  മൊബൈൽഫോൺ  കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള കാരണമാകരുതെന്ന്   പ്രതിഭാഗം  വാദിച്ചു.

ഒന്നര മണിക്കൂർ നീണ്ടപ്രതിഭാഗം വാദത്തിൽ   കേസുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം.  റിമാൻഡ് റിപ്പോർ‍ട്ടുകൾ അഞ്ച് തവണ ഹാജരാക്കിയപ്പോഴും കുറ്റങ്ങളെല്ലാം മറച്ചുവെച്ചു. തനിക്കെതിരെയുള്ള  കുറ്റങ്ങളെന്തെന്ന് അറിയാനുള്ള അവകാശം പ്രതിക്കുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ ഇപ്പോൾ നടക്കുന്നത്  സ്ഥിരം കുറ്റവാളിയായ  സുനിൽകുമാറിന്‍റെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ്. ഇയാൾ പറയുന്ന  കഥകൾക്ക് പിറകെയാണ് പോലീസ്.

നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ ഫോൺ പ്രധാന തെളിവാണെന്നും അത് കണ്ടെത്താനായില്ലെന്നുമാണ്  ജാമ്യ ഹർജി പരിഗണിക്കുമ്പോഴെല്ലാം  പോലീസിന്‍റെ വാദം. അന്വേഷണം  ആരംഭിച്ച് എഴ് മാസം പിന്നിട്ടിട്ടും പ്രധാന പ്രതി പതിനാല് ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഫോൺ എവിടെയെന്ന് അറിയാൻ കഴിയാത്തത് പോലീസിന് നാണക്കേടാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.  ഇങ്ങനെപോയാൽ കേസിൽ മുഖ്യപ്രതി സുനിൽകുമാറിനെ പോലീസ് മാപ്പ് സാക്ഷിയാകുമെന്നും ദിലീപ് മാത്രമാകും പ്രതിയെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗം വാദം ശരിയല്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. കേസിൽ പ്രോസിക്യൂഷൻ വാദം നാളം നടക്കും. നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ മൂന്നാം തവണയാണ് ദിലീപ് ജാമ്യഹർജിയുമായെത്തുന്നത്.

click me!