ഷാര്‍ജ ജയിലിലെ ഇന്ത്യക്കാർക്ക് മോചനം

By Web DeskFirst Published Sep 26, 2017, 12:21 PM IST
Highlights

തിരുവനന്തപുരം: ഷാർജയിൽ മൂന്ന് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് മോചനം. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഷാർജ ഭരണാധികാരിയാണ് തിരുവനന്തപുരത്ത് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവർക്കാണ് ആനുകൂല്യം.

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. തൊഴിൽ തർക്കം, വിസാ പ്രശ്നം അടക്കമുള്ള കേസുകളിൽ പെട്ട മലയാളികളെ നാട്ടിലേക്ക് അയക്കണമെന്നായിരുന്നു പിണറായി ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയിൽ സമാനകുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന മലയാളികൾ അല്ലാത്തവർക്കും കിട്ടി ആനൂകൂല്യം. ഒപ്പം ഷാർജയിൽ വീണ്ടും ജോലിചെയ്യാനും ഭരണാധികാരി അവസരം നൽകി.

ഷാർജ സുൽത്താന്റെ കേരള സന്ദർശനത്തിലെ നിർണ്ണായക വഴിത്തിരിവാണ് തടവുകാരുടെ മോചനം. കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം ഷാർജ ഭരണാധികാരിക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഷാർജയും കേരളവും തമ്മിലുള്ള ഊഷ്‍മള ബന്ധത്തെ കുറിച്ചും പരസ്പര സഹകരണം തുടരേണ്ടതിനെ കുറിച്ചും ഷാർജ ഭരണാധികാരിയും ഗവർണ്ണറും മുഖ്യമന്ത്രിയും പറഞ്ഞു.

click me!