
ആലുവ: ഹൈക്കോടതി ജാമ്യ ഹർജി തളളിയതോടെ ദിലീപിന്‍റെ മുന്നിൽ ഇനി രണ്ടുവഴികളാണുളളത്. ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക അല്ലെങ്കിൽ കുറച്ചുകൂടി കാത്തിരുന്നശേഷം വീണ്ടും വീണ്ടും ഹൈക്കോടതിയിലെത്തുക. ഇപ്പോഴത്തെ നിലയിൽ ദിലീപിന്‍റെ ജയിൽവാസം ആഴ്ചകളോളം തുടരാനാണ് സാധ്യത
RP 523 . ആലുവ സബ് ജയിലിലെ റിമാൻഡ് തടവുകാരനായ ദീലീപിന്‍റെ തിരിച്ചറിയൽ നമ്പറാണ്. ഹൈക്കോടതി ജാമ്യ ഹർജി തളളിയതോടെ ഈ വിലാസത്തിൽ ദിലീപിന് ഇനിയും സബ് ജയിലിൽ കഴിയേണ്ടിവരും. സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് താരത്തിന് മുന്നിലുളള അടുത്തപോംവഴി. എന്നാൽ കരുതുന്നതുപോലെ എളുപ്പമല്ല കാര്യങ്ങളെന്ന് നിയമവിദഗ്ധർ ഉപദേശം നൽകിട്ടുണ്ട്.
കാരണം ബലാൽസംഗക്കേസാണ്. അതിന്‍റെ മുഖ്യ സൂത്രധാരനാണ്. പണവും സ്വാധീനശക്തിയുമുണ്ട്. ഈ വാദങ്ങൾ സുപ്രീംകോടതിയിലും സർക്കാർ ആവർത്തിച്ചാൽ വീണ്ടും കാര്യങ്ങൾ പരുങ്ങലിലാകും. സാധാരണനിലയിൽ അവിടെയും ജാമ്യം കിട്ടില്ല. പോരാത്തതിന് മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെ ദിലീപിന്‍റെ പങ്ക് സംബന്ധിച്ചും ഗൂഡാലോചനയിലെ പങ്കാളിത്തം സംബന്ധിച്ചും നിരവധി നിരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിൽ .
അതുകൊണ്ട് അടുത്ത നീക്കങ്ങൾ കരുതി മതി എന്നാണ് നിർദേശം. മറ്റൊരു പോംവഴി കാത്തിരിക്കുക എന്നതാണ്. റിമാൻഡ് തടവുകാരനായി ഇനിയും തുടരുക. അന്വേഷണം ഏതെങ്കിലും പ്രത്യേക ഘട്ടത്തിലെത്തുന്പോൾ വീണ്ടും ഹൈക്കോടതി അടക്കമുളള കോടതികളെ സമീപിക്കുക. താൻ പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെടുത്തിയാൽ ജാമ്യം കിട്ടും.
എന്നാൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നിലപാടും നിർണായകമാണ്. അവർ സമ്മതിച്ചാലേ അനുകൂലമായ നിലപാട് കോടതിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുളളു. ഇപ്പോഴത്തെ നിലിയിൽ 90 ദിവസത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. ഈ സമയ പരിധിക്കകം കുറ്റപത്രം നൽകിയാൽ വിചാരണത്തടവുകാരനായി പിന്നെയും ജയിലിൽ തുടരേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ സൂപ്പർതാരത്തിന്‍റെ ജയിൽവാസം ആഴ്ചകൾ തുടരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam