
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യഹര്‍ജിയെ നിശിതമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.അതിനിടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപിനെ അങ്കമാലി മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്.കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ കോടതിയിലെത്തിയെങ്കിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം പരിഗണിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്.
പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ വാദവും ഇന്നുണ്ടാകും. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ദിലീപിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സാഹചര്യത്തെളിവുകളടക്കമുളള ശക്തമായ തെളിവുകളുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുളളവരാണ്. സാമ്പത്തികമായും അല്ലാതെയും വലിയ സ്വാധീനശക്തിയുളള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കുമെന്നും കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
കേസിന്റെ കുറ്റപത്രവും ഏതാനും ആഴ്ചകള്‍ക്കകം സമര്‍പ്പിക്കും. ആദ്യകുറ്റപത്രത്തിലെ 11 ഏഴ് പ്രതികളെയയും രണ്ടാമത്തെ കുറ്റപത്രത്തിലെ ദീലീപ് ഉള്‍പ്പെടെയുളള പ്രതികളെയും ഉള്‍പ്പെടുത്തി വിചാരണ നടപടികളും ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ത്തന്നെ ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ചില മാധ്യമങ്ങളും കുറച്ചു പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയാണ് ദീലീപിനെ പ്രതിയാക്കിയതെന്നാണ് പ്രതിഭാഗം വാദം.
തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ദിലീപിന്‍റെ നീക്കം.അതിനിടെ ദിലീപിന്‍റെ റിമാന്‍റ് കാലാവധി ഇന്ന് അവസാനിക്കും. ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാവും ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് മുമ്പാകെ എത്തിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam