കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനം; സിപിഐ ജില്ലാ കൗൺസിൽ യോഗം ഇന്ന്

By Web TeamFirst Published Feb 13, 2019, 7:06 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്തെ സിപിഐ ജില്ലാ സെക്രട്ടറിയെച്ചൊല്ലിയുള്ള കലഹം പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ്
ഉണ്ടാക്കിയിരിക്കുന്നത്. ഔദ്യോഗിക പക്ഷം മുന്നോട്ട് വയ്ക്കുന്ന മുല്ലക്കര രത്നാകരന് തന്നെയാണ് കൗൺസിലിൽ മുൻതൂക്കമെങ്കിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാനാണ് ഇസ്മയിൽ - പ്രകാശ് ബാബു പക്ഷങ്ങളുടെ നീക്കം.

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരനെ നിശ്ചയിക്കാനുള്ള ജില്ലാ കൗൺസിൽ ഇന്ന് ചേരും. സെക്രട്ടറിയുടെ താൽക്കാലിക ചുമതല മുല്ലക്കര രത്നാകരന് നൽകിയതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാന കൗൺസിലിൽ നടന്ന വാക്കേറ്റവും ഭിന്നതയും ഇന്നത്തെ യോഗത്തിലും പ്രതിഫലിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്തെ സിപിഐ ജില്ലാ സെക്രട്ടറിയെച്ചൊല്ലിയുള്ള കലഹം പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ അനിരുദ്ധന് പകരം ആർ രാജേന്ദ്രനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കാൻ ജനുവരി 24ന് ജില്ലാ കൗൺസിൽ ചേർന്നെങ്കിലും ശക്തമായ എതിർപ്പ് ഒരു വിഭാഗം ഉയർത്തിയതിനെത്തുടർന്ന് ആ തീരുമാനം ഉപേക്ഷിക്കപ്പെട്ടു.

ആർ രാജേന്ദ്രനെതിരെ മത്സരിക്കാൻ ഇസ്മയിൽ - പ്രകാശ് ബാബു പക്ഷം പിഎസ് സുപാലിനെ രംഗത്തിറക്കിയപ്പോൽ തീരുമാനം നടപ്പാക്കാൻ സാധിക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജില്ലാ കൗൺസിൽ യോഗത്തിൽ നിന്നും മടങ്ങേണ്ടി വന്നു. രണ്ട് ദിവസം മുൻപ് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അനിരുദ്ധനെ മാറ്റി ജില്ലയിലെ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന് പാർട്ടി സെക്രട്ടറിയുടെ താൽക്കാലിക ചുമതല കൈമാറാൻ തീരുമാനിച്ചു.

പക്ഷേ ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിലിൽ ഈ തീരുമാനത്തെ ചൊല്ലിയും തർക്കവും വാക്കേറ്റവും നടന്നു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് കൊല്ലത്തുനിന്നുള്ള ഒരു വിഭാഗം കൗൺസിൽ അംഗങ്ങൾ കുറപ്പെടുത്തി.

ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ എക്സിക്യൂട്ടീവും തുടർന്ന് ജില്ലാ കൗൺസിൽ യോഗവും ചേരും. ഔദ്യോഗിക പക്ഷം മുന്നോട്ട് വയ്ക്കുന്ന മുല്ലക്കര രത്നാകരന് തന്നെയാണ് കൗൺസിലിൽ മുൻതൂക്കമെങ്കിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാനാണ് ഇസ്മയിൽ-പ്രകാശ് ബാബു പക്ഷങ്ങളുടെ നീക്കം.

click me!