സാമ്പത്തിക സംവരണ ബില്ലിനെതിരെ ഡിഎംകെ കോടതിയില്‍

By Web TeamFirst Published Jan 18, 2019, 3:30 PM IST
Highlights

പുതിയ സംവരണ നിയമം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുതിയ നയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമെന്ന് ഡിഎംകെ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ: മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കിയ സർക്കാർ നയത്തിന് എതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പുതിയ സംവരണ നിയമം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുതിയ നയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമെന്ന് ഡിഎംകെ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓർഗനൈസിങ്ങ് സെക്രട്ടറി ആർ.എസ്.ഭാരതിയാണ് ഹർജി നല്‍കിയിരിക്കുന്നത്. 

DMK (Dravida Munnetra Kazhagam) organising secretary RS Bharathi files a writ petition in Madras High Court challenging recent constitutional amendment for granting 10% reservation to economically weaker sections of society. (file pic) pic.twitter.com/IRfsitDZIo

— ANI (@ANI)

ഡിഎംകെയുടെ ഏക എംപിയായ കനിമൊഴി രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 

വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.  നോട്ട് നിരോധനത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനം കൂടിയാണിത്. 

click me!