കൈക്കൂലി നൽകാൻ പണമില്ല; ഒഡീഷയിൽ തൊഴിലാളി ആത്മഹത്യ ചെയ്തു

By Web TeamFirst Published Jan 18, 2019, 2:47 PM IST
Highlights

എന്നാൽ വീട് ലഭിക്കണമെങ്കിൽ പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ കൈക്കൂലി നൽകണമെന്ന് സർക്കാർ ഉദ്യോ​ഗസ്ഥർ ഇയാളോട് ആവശ്യപ്പെട്ടു. ഈ പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ലക്ഷ്മിധർ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. തന്റെ മരണവീഡിയോ ഇയാൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
 

ഒഡീഷ: ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകാൻ പണമില്ലാത്തതിനാൽ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുർദ്ദാ ജില്ലയിലാണ് ​ഗ്രാമീണ ഭവനപദ്ധതിക്ക് കീഴിൽ വീ‌ട് ലഭിക്കാൻ ലക്ഷ്മിധർ ബെഹ്റ എന്നയാൾ അപേക്ഷ നൽകിയത്. എന്നാൽ വീട് ലഭിക്കണമെങ്കിൽ പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ കൈക്കൂലി നൽകണമെന്ന് സർക്കാർ ഉദ്യോ​ഗസ്ഥർ ഇയാളോട് ആവശ്യപ്പെട്ടു. ഈ പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ലക്ഷ്മിധർ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. തന്റെ മരണവീഡിയോ ഇയാൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

​ഗ്രാമത്തിലെ കനാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെയുള്ളവർ ഉറപ്പിച്ച് പറയുന്നു. വീട് ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. പണത്തിന് വേണ്ടി അനവധി പേരെ സമീപിച്ചു. എന്നാൽ ഒരാൾ പോലും എന്നെ സഹായിക്കാൻ തയ്യാറായില്ല. ഞാനൊരു സാധാരണ തൊഴിലാളിയാണ്. ഇത്രയും പണം ഞാനെവിടെ നിന്ന് സംഘടിപ്പിക്കാനാണ്? ബെഹ്റ വീഡിയോയിൽ ചോദിക്കുന്നു.

ഒന്നരലക്ഷം രൂപയുടെ കടത്തിലായിരുന്നു ബെഹ്റ എന്ന് വീട്ടുകാർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കുർദ്ദ ജില്ലാ കളക്ടർ നിർമ്മൽ മിശ്ര പറഞ്ഞു. ആരാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന കാര്യത്തിലും അന്വേഷണം നടത്തും. ബിജെപി നേതാവ് ധർമ്മേന്ദ്ര പ്രധാൻ മരിച്ച ബെഹ്റയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

click me!