
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മലിന ജലവുമായി കൂടുതൽ സമ്പര്‍ക്കത്തില്‍ ഏർപ്പെടുന്നവരും പ്രളയ ബാധിതരുമായവർ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലെ ഡോക്ടര്‍മാരുടെ വിദഗ്ധസമിതി അറിയിച്ചു. ഹോമിയോ മരുന്നിന് എലിപ്പനി തടയാൻ കഴിയില്ല.
എന്നാൽ പ്രതിരോധ മരുന്നായി കേരളത്തിലുടനീളം ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിനാല്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുവാന്‍ വിമുഖത കാണിക്കുന്നവരുണ്ട്. ''എലിപ്പനി രൂക്ഷമായ അവസ്ഥയിലാണ് സംസ്ഥാനത്ത് പടർന്നു കൊണ്ടിരിക്കുന്നത്. എല്ലാവരും വളരെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ഹോമിയോ മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാൽ എലിപ്പനി തടയാൻ ഹോമിയ മരുന്ന് മതി എന്ന കാര്യം തെളിയിക്കപ്പെടാത്ത വസ്തുതയാണ്. രോഗപ്രതിരോധ ശക്തി അവകാശപ്പെടാൻ ഹോമിയോ മരുന്നിന് സാധ്യമല്ല. ഈ സാഹചര്യത്തിൽ ജനങ്ങൾ ഹോമിയോപ്പതിയെയും സ്വയം ചികിത്സയെയും ആശ്രയിക്കുന്നത് എലിപ്പനി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വിവേചന ബുദ്ധിയോടെ പ്രവർത്തിക്കേണ്ടത് ജനങ്ങളാണ്. ആരെയും നിർബന്ധിക്കാൻ സാധിക്കില്ലല്ലോ.'' ഐഎംഎ പ്രസിഡന്റ് ഡോ. ഇ. കെ. ഉമ്മർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. തുറന്നു വച്ച ഭക്ഷണ സാധനങ്ങൾ, പഴകിയ ഭക്ഷണസാധനങ്ങൾ എന്നിവ കഴിക്കരുത്. അതുപോലെ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണത്തിന് പോകുന്നവർ കയ്യുറയും മാസ്കും കാലുറയും നിർബന്ധമായും ധരിക്കണം. അതുപോലെ പ്രതിരോധ മരുന്നും നിർബന്ധമായും കഴിച്ചിരിക്കണം. അതുപോലെ മുറിവുകളിലൂടെയാണ് എലിപ്പനിയുടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
ഡോക്‌സി സൈക്ലിന്‍ 200 മില്ലീ ഗുളിക ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പമാണ് കഴിക്കേണ്ടത്. യാതൊരു വിധ പാർശ്വവശങ്ങളുമില്ലാത്ത ഗുളികയാണ് ഡോക്സി സൈക്ലിൻ. അതിനാല്‍ ഈ ഗുളിക പ്രതിരോധ മരുന്നായി സ്വീകരിക്കേണ്ടത് മരണ നിരക്ക് കുറക്കുവാനും എലിപ്പനി വ്യാപിക്കുന്നത് തടയാനും അത്യന്താപേക്ഷിതമാണെന്ന് ഐഎംഎ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയിരുന്നു. കോഴിക്കോട് ,മലപ്പുറം, പാലക്കാട്, ജില്ലകളിലാണ് എലിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ മരണമടഞ്ഞിരിക്കുന്നത്.