
ദോഹ: മരുന്നുമായി ഖത്തറിലെത്തുന്ന പ്രവാസികൾ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി കയ്യിൽ കരുതണമെന്ന് കസ്റ്റംസ് വിഭാഗം മുന്നറിയിപ്പു നൽകി. ശരിയായ വൈദ്യ നിർദേശമില്ലാതെ കൊണ്ടുവരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തെത്തുന്നത് തടയാൻ ആരോഗ്യമന്ത്രാലയവും കസ്റ്റംസ് വിഭാഗവും പുലർത്തിവരുന്ന ജാഗ്രതയുടെ ഭാഗമായാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഇതിന്റെ ഭാഗമായി യാത്രക്കാരുടെ പക്കലുള്ള മരുന്നുകൾ പരിശോധിക്കാൻ അബു സംറയിലെ അതിർത്തി ചെക് പോസ്റ്റിലും വിമാനത്താവളത്തിലുമെല്ലാം കസ്റ്റംസിനെ സഹായിക്കാൻ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഖത്തർ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അനുമതിയില്ലാത്ത എല്ലാതരം മരുന്നുകളും പിടിച്ചെടുക്കാനാണ് തീരുമാനം. അനുമതിയുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപെട്ടതാണെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും മരുന്നിന്റെ കൂടെ ഉണ്ടായിരിക്കണം. മരുന്നുകൾ ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ച് യാത്രക്കാരന്റെ രോഗത്തിനുള്ളതാണെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂ.
ലോകത്തെവിടെയുമുള്ള മരുന്നുകളുടെയും നിരോധിത മരുന്നുകളുടെയും വിവരങ്ങൾ ഖത്തർ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗത്തിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ആയുർവേദ മരുന്നുകളും ഹോമിയോ മരുന്നുകളും കൊണ്ടുവരുന്നവരും ഡോക്ടറുടെ കുറിപ്പടി കൂടെ കരുതണം. അതേസമയം വേദന സംഹാരിയായ ട്രെമഡോളുമായി വരുന്നവരാണ് ഖത്തറിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവുമെന്ന് ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്റ്റർ അജാബ്‌മൻസൂർ അൽ ഖത്താനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam