പുചിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെന്ന് ട്രംപ്; പിന്തുണച്ച് ജര്‍മനി

By Web TeamFirst Published Nov 30, 2018, 11:44 AM IST
Highlights

പുതിയ സംഭവവികാസങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് യുക്രെയ്നിയൻ കപ്പലുകൾ പിടിച്ചെടുത്തതെന്നാണ് റഷ്യയുടെ വാദം. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്യൂണസ് ഐറിസിൽ എത്തിയിട്ടുണ്ട്

ബ്യൂണസ് ഐറിസ്: ജി 20 ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിനെ കാണാനുള്ള തീരുമാനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. യുക്രെയ്നിയന്‍ നാവികർക്ക് നേരെയുള്ള റഷ്യൻ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി. കൂടിക്കാഴ്ച റദ്ദാക്കിയതിനുള്ള ഉത്തരവാദിത്തം റഷ്യക്ക് മാത്രമാണെന്ന് ജ‍ര്‍മൻ ചാൻസലർ ആംഗലാ മെർക്കലും പ്രതികരിച്ചു.

ഇന്നും നാളെയുമായി അർജന്റീനയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ വ്ലാദിമി‍ർ പുച്ചിനുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തിൽ നിന്നാണ് ട്രംപ് പിന്മാറിയത്. കെർച്ച് കടലിടുക്കിൽ കഴിഞ്ഞ ഞായറാഴ്ച യുക്രെയ്നിയൻ കപ്പലുകൾ ആക്രമിച്ച റഷ്യ നാവികരെ പിടികൂടി ക്രീമിയയിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് ട്രംപിന്റെ തീരുമാനം. പിടികൂടിയ യുക്രെയ്നിയൻ കപ്പലുകളേയും സൈനികരേയും റഷ്യ വിട്ടയ്ക്കാതെ ചർച്ച നടത്തുന്നത് ഉചിതമാവില്ലെന്നും ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കൂടിക്കാഴ്ചയ്ക്ക് മാറ്റമില്ലെന്നും ഇരു നേതാക്കളും തമ്മിൽ കാണുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ട്രംപ് നിലപാട് പുറത്തുവിട്ടത്. റഷ്യക്കെതിരെ ജർമനിയും രംഗത്തെത്തിയിട്ടുണ്ട്. കൂടിക്കാഴ്ച റദ്ദായതിന്‍റെ ഉത്തരവാദിത്വം പുച്ചിന് മാത്രമാണെന്ന് ചാൻസലർ എയ്ഞ്ജല മെർക്കൽ വ്യക്തമാക്കി. അതേസമയം പുതിയ സംഭവവികാസങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് യുക്രെയ്നിയൻ കപ്പലുകൾ പിടിച്ചെടുത്തതെന്നാണ് റഷ്യയുടെ വാദം. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്യൂണസ് ഐറിസിൽ എത്തിയിട്ടുണ്ട്

click me!