പ്രസിഡന്റ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം തുടങ്ങി; അറബ് ഇസ്ലാമിക ഉച്ചകോടിയിലും പങ്കെടുക്കും

By Web DeskFirst Published May 20, 2017, 2:35 AM IST
Highlights

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ്‌ അല്‍പസമയത്തിനകം സൗദിയിലെത്തും. റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ്‌ പങ്കെടുക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ വിദേശ പര്യടനത്തില്‍ അഞ്ച് രാജ്യങ്ങള്‍ ട്രംപ്‌ സന്ദര്‍ശിക്കും.

ഇന്ന് നടക്കുന്ന സൗദി-യു.എസ് ഉച്ചകോടിയും, നാളെ നടക്കുന്ന അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയും, ജി.സി.സി- യു.എസ് ഉച്ചകോടിയുമാണ് സൗദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികള്‍. ഉച്ചകോടികളില്‍ പങ്കെടുക്കാനായി 55 അറബ് ഇസ്ലാമിക രാഷ്‌ട്ര നേതാക്കള്‍ റിയാദിലെത്തിക്കഴിഞ്ഞു. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം, ഇറാന്‍, യമന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും. പ്രതിരോധം, വിദ്യാഭ്യാസം, സാമ്പത്തികം, ഐ.ടി, വാണിജ്യം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും ട്രംപുമായി ചര്‍ച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ അറിയിച്ചു. 

ഭീകരവാദവുമായി ബന്ധപ്പെട്ട് കിംഗ്‌ ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡിസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയിലും, ട്വീപ്പ്സ് 2017സോഷ്യല്‍ മീഡിയ ഉച്ചകൊടിയിലും ട്രംപ്‌ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന സൗദി-യു.എസ് സി.ഇ.ഒ ഫോറമാണ് പ്രധാനപ്പെട്ട മറ്റൊരു ചടങ്ങ്. 90 ഓളം വ്യവസായികള്‍ ഫോറത്തില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധവും നിക്ഷേപങ്ങളും  മെച്ചപ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. നാളെ സൗദിയില്‍ നിന്നും മടങ്ങുന്ന ഡോണാള്‍ഡ് ട്രംപ്‌, ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം.
 

click me!