ആഭിചാരത്തിന് ഇരുതലമൂരിക്കടത്ത്, വില 50 ലക്ഷം വരെ, കുമളിയില്‍ മലയാളികള്‍ പിടിയില്‍

By Web TeamFirst Published Sep 9, 2018, 10:43 AM IST
Highlights

തമിഴ്നാട്ടിൽ നിന്ന് ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന മൂന്ന് മലയാളികളെ കുമളി ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു.

കുമളി: തമിഴ്നാട്ടിൽ നിന്ന് ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന മൂന്ന് മലയാളികളെ കുമളി ചെക്ക് പോസ്റ്റിൽ എക്സൈസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു.

കട്ടപ്പന സ്വദേശികളായ മേട്ടുകുഴി ഇടവക്കേടത്ത് അരുൺ, ആലക്കൽ വീട്ടിൽ അനീഷ് , എറണാകുളം കോക്കപ്പള്ളി കുട്ടശ്ശേരി വീട്ടിൽ എൽദോ എന്നിവരാണ് പിടിയിലായത്. വൈകിട്ട് അഞ്ചരയോടെ കുമളി അതിർത്തി ചെക്പോസ്റ്റിൽ വച്ചായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 

ഇതിനിടെയാണ് ഡിക്കിക്കുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നരയടി നീളവും നാലിഞ്ച് വ്യാസമുള്ള രണ്ട് വശവും മൂടിയതുമായ പിവിസി പൈപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഇത് തുറന്നു പരിശോധിച്ചപ്പോൾ നനഞ്ഞ മണൽ നിറച്ചതായി കാണപ്പെട്ടു. ഇത് നിലത്ത് കുടഞ്ഞതോടെയാണ് ഉള്ളിൽ ഒളിപ്പിച്ചിരുന്ന ഇരുതല മൂരിയ കണ്ടെത്തിയത്. 

ഇതോടെ പ്രതികളേയും ഇവർ സഞ്ചരിച്ചിരുന്ന കെഎൽ 10 എയു 2512 ഫോർഡ് ഫീയസ്റ്റാ കാറും കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂരിലെ റാക്കാച്ചിയമ്മൻ കോവിലിനു സമീപത്തു നിന്നാണ് ഇരുതല മൂരിയെ പിടികൂടിയതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. 

എറണാകുളത്തേക്ക് കൊണ്ട് പോകുന്നതിനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വലിപ്പം കുറവായതിനാൽ വളർച്ചക്കനുസരിച്ച് നാൽപത് മുതൽ അൻപത് ലക്ഷം രൂപ വരെ വില ലഭിക്കുമെന്നും ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതിനാണ് ഇതിനെ കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരെ പിന്നീട് വനം വകുപ്പിന് കൈമാറി. 

click me!